മന്ത്രിമാർ മുതൽ ടാക്സിക്കാർ വരെ ഉപയോഗിക്കുന്ന കാറുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ. ദീർഘദൂര യാത്രകളെപ്പോലും ഒരിക്കലും മടുപ്പിക്കാത്ത സുഖസൗകര്യങ്ങളും മികച്ച റൈഡിംഗ് സുഖവും മികച്ച ഈടുനിൽപ്പുമാണ് ഇന്നോവയെ തരംഗവണ്ടിയാക്കി മാറ്റിയത്. പിന്നീട് ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പായ ഇന്നോവ ക്രിസ്‌റ്റ എത്തിയപ്പോഴും സ്വീകാര്യത വർദ്ധിക്കുകയാണുണ്ടായത്. ഈ മികവിന്റെ പിൻബലത്തിൽ പുത്തൻ പതിപ്പായ ഇന്നോവ ഹൈക്രോസും ഇറക്കിയിരുന്നു. ഇതും സൂപ്പർ ഹിറ്റാണ്. എന്നാൽ ഇത് ബുക്ക് ചെയ്ത് ഡെലിവറി കിട്ടാൻ അൽപം സമയമെടുക്കും. കാത്തിരിക്കാൻ ക്ഷമയില്ലാത്തവർക്ക് മാരുതി സുസുക്കിയുടെ ഇൻവിക്‌റ്റോ ഒരു നല്ല ഓപ്ഷനാണ്.
ഇന്നോവ ഹെെക്രോസിന്റെ റീബാഡ്ജ് മോഡലാണെങ്കിലും എഡിഎഎസ് പോലുള്ള ചില സവിശേഷതകൾ ഒഴിവാക്കിയാണ് ഇൻവിക്‌റ്റോ മാരുതി പുറത്തിറക്കുന്നത്. സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി സുസുക്കി ഇൻവിക്‌റ്റോ വിപണിയിൽ എത്തുന്നത്. സീറ്റ പ്ലസ് ഏഴ് അല്ലെങ്കിൽ എട്ട് സീറ്റർ ഓപ്ഷനുകളിൽ വിപണിയിൽ എത്തുന്നു. ആൽഫ 7 സീറ്റർ രൂപത്തിൽ മാത്രമാണ് വാങ്ങാനാവുക. 25.51 ലക്ഷം രൂപ മുതൽ 29.22 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില വരുന്ന ഇൻവിക്‌റ്റോ നിലവിൽ 1.40 ലക്ഷം രൂപവരെ കുറവിൽ ഓഫറുകളോടെ സ്വന്തമാക്കാം.
ഇൻവിക്‌റ്റോ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.15 ലക്ഷം രൂപയുടെ സ്ക്രാപ്പേജ് ബോണസ് അല്ലെങ്കിൽ ഒരു ലക്ഷം രൂപയുടെ എക്സ്ചേഞ്ച് ബോണസ് കൂടാതെ 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് എന്നിവയാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. ഇൻവിക്റ്റോ പവർഫുൾ ഹൈബ്രിഡ് ഓപ്ഷനിൽ മാത്രമാണ് ഓഫർ ലഭ്യമാകുന്നത്. 2.0 ലിറ്റർ, 4 സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനാണുള്ളത്. 184 ബിഎച്ച്പി പവറും 188 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഒരു ഇ-സിവിടി ട്രാൻസ്മിഷനുമായിട്ടാണ് വരുന്നത്. ഹൈബ്രിഡായതിനാൽ ഒരു ലിറ്റർ പെട്രോളിൽ 23.24 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 9.5 സെക്കൻഡ് മതി. കരുത്തിന്റെ കാര്യത്തിലും മൈലേജിലും മികവ് പുലർത്തുന്നു ഇൻവിക്റ്റോ.
10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. വലിയ പനോരമിക് സൺറൂഫുമുണ്ട്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ ഫീച്ചറുകളും ഇൻവിക്റ്റോയിൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |