മാന്നാർ: മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ കൊയ്ത്ത് യന്ത്രത്തിന് ഇറങ്ങുവാൻ വഴിയൊരുങ്ങിയ നാലു തോട് പാടശേഖരത്തിൽ കൊയ്ത്ത് തുടങ്ങിയതോടെ നെൽകർഷകരുടെ ആശങ്കകൾ ഒഴിഞ്ഞു. അപ്പർ കുട്ടനാടൻ മേഖലയിൽപ്പെട്ട മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിലെ 252 ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിൽ കൊയ്ത്ത് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടും പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കുവാൻ വഴിയില്ലാതെ നെൽകർഷകർ ആശങ്കയിലായിരുന്നു. മുക്കം - വാലേൽ ബണ്ട് റോഡിൽ നിന്ന് പാടത്തേക്കുള്ള റാമ്പിന്റെ നിർമ്മാണം പാതി വഴിയിൽ നിലച്ചതോടെ കൊയ്ത്ത് യന്ത്രം പാടത്തേക്ക് ഇറക്കാൻ വഴിയില്ലാതായത്. കേരള കൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നെൽ കർഷകരുടെ ദുരവസ്ഥ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് നെൽകർഷകരെയും കൃഷി ഓഫീസുമായും ബന്ധപ്പെട്ട് അടിയന്തര നടപടികൾ കൈക്കൊള്ളുകയായിരുന്നു. റാമ്പുകളുടെ കോൺക്രീറ്റിംഗ് കഴിഞ്ഞെങ്കിലും റാമ്പിന്റെ കൽക്കെട്ടുകൾ റോഡ് ലെവലിൽ നിന്ന് ഏറെ ഉയരത്തിലായതാണ് കൊയ്ത്തു മെഷീൻ പാടത്തേക്ക് ഇറങ്ങുവാൻ തടസമായത്. ഇവിടെ മണ്ണിട്ട് ഉയർത്തി റോഡും റാമ്പും ഒരേ ലെവലിൽ എത്തിക്കാൻ കഴിഞ്ഞതോടെ കഴിഞ്ഞദിവസം കൊയ്ത്ത് യന്ത്രങ്ങൾ നാലുതോട് പാടത്തിറങ്ങുകയും കൊയ്ത്ത് ആരംഭിക്കുകയും ചെയ്തത്. മുൻവർഷങ്ങളിൽ വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നാശം സംഭവിച്ച് കടക്കണിയിലായ നാല് തോട് പാടശേഖരത്തിലെ നെൽ കർഷകർക്ക് ഇക്കുറി കൊയ്ത്ത് യന്ത്രം ഇറങ്ങാൻ കഴിയാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒന്നര ആഴ്ചകൊണ്ട് നാലുതോട് പാടശേഖരത്തിൽ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പാടശേഖരസമിതി കരുതുന്നത്. എന്നാൽ മുക്കം വാലേൽ ബണ്ട് റോഡിലൂടെ വാഹനങ്ങൾക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് നെല്ല് സംഭരണത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
.............
# ഒന്നര ആഴ്ചകൊണ്ട് കൊയ്ത്ത് പൂർത്തിയാക്കും
എത്രയും വേഗം നെല്ല് സംഭരിക്കാൻ കഴിഞ്ഞാൽ കർഷകർക്ക് നഷ്ടങ്ങളിൽ നിന്ന് കരകയറുവാൻ കഴിയും. കാലതാമസമില്ലാതെ നെല്ല് സംഭരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം
-ഹരിദാസ് കിം കോട്ടേജ്, പ്രസിഡന്റ് നാലുതോട് പാടശേഖരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |