കണ്ണൂർ: നഗരത്തിന്റെ പല ഭാഗങ്ങളിലും സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. തിരക്കേറിയ പല ഭാഗത്തെയും സീബ്രാ ലൈനുകൾ മാഞ്ഞിട്ട് നാളുകൾ ഏറെയായി. കാൽടെക്സ്, പ്ലാസ, ബാങ്ക് റോഡ്, താവക്കര ആശിർവാദ് കവല, വൈദ്യുത ഭവന് മുൻവശം, മുനീശ്വരൻ കോവിൽ തുടങ്ങി പലയിടങ്ങളിലും സീബ്രാ ലൈനുകൾ വെള്ളത്തിൽ വരച്ച വര പോലെയാണ്.
നഗരത്തിൽ ദിനം പ്രതി തിരക്കു വർദ്ധിച്ചു വരുമ്പോൾ പ്രായമായവരും കുട്ടികളുമുൾപ്പെടെ റോഡ് മുറിച്ചു കടക്കാൻ പാട് പെടുകയാണ്. വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കിടെ നഗരത്തിൽ സമാനതകളില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന കേന്ദ്രങ്ങളിലെ വാഹനങ്ങളുടെ നെട്ടോട്ടം നിയന്ത്രിക്കാൻ പൊലീസുകാരും പാടുപെടുകയാണ്. സീബ്രാ ലൈനുകൾ ഉണ്ടെങ്കിൽ തന്നെ നിർത്താനോ വേഗത കുറക്കാനോ കൂട്ടാക്കാത്ത വാഹനങ്ങൾ സീബ്രാ ലൈനുകൾ മാഞ്ഞതോടെ കാൽ നടയാത്രക്കാരെ തീരെ ഗൗനിക്കുന്നില്ല എന്ന പരാതിയാണ് കാൽനട യാത്രക്കാർക്ക്. ജീവൻ പണയം വച്ച് നിരത്തിലിറങ്ങേണ്ട സ്ഥിതിയാണ് കാൽ നടയാത്രക്കാർക്ക്.
സീബ്രാ ലൈനുകളിൽ കാൽ നടയാത്രക്കാർ കയറിയാൽ വാഹനങ്ങൾ നിർത്തണമെന്നാണ് നിയമം. എന്നാൽ സീബ്രാ ലൈനിന്റെ മദ്ധ്യ ഭാഗത്ത് കാൽനട യാത്രക്കാരെക്കണ്ടാലും ഹോൺ മുഴക്കി ചീറിപ്പായുന്ന ഡ്രൈവിംഗ് സംസ്കാരമാണ് സ്വകാര്യ ബസ്സുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഉള്ളത് എന്നാണ് മുൻ ബസ് ഡ്രൈവർ കൂടിയായ ലക്ഷ്മണൻ റോഡ് കടക്കാൻ പാട് പെടുമ്പോൾ പറയുന്നത്.
നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിച്ച് സീബ്രാ ലൈനുകൾ വരച്ചതും കരാറുകാരുടെ കൃത്യതയില്ലാത്ത പ്രവൃത്തിയുമാണ് സീബ്രാ ലൈനുകൾ മാഞ്ഞുപോകാൻ കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണസമിതിയാണ് നിലവിൽ കണ്ണൂർ നഗരം ഭരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് മാഞ്ഞ സീബ്രാ ലൈനുകളും നഗരത്തിലെ ഇളകിയ സ്ലാബുകളും എന്നുമാണ് ഓട്ടോ തൊഴിലാളിയായ സതീശൻ പറയുന്നത്.
കോർപ്പറേഷൻ കൈമലർത്തുന്നു
കോർപ്പറേഷനാണ് സീബ്രാ ലൈനുകൾ ഉൾപ്പെടെ വരക്കേണ്ടതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതും. എന്നാൽ മൂക്കിന് താഴെയുള്ള സീബ്രാ ലൈനുകൾ പോലും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന വിചിത്രവാദമാണ് കോർപ്പറേഷൻ ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ നിലവാരം കുറഞ്ഞ പെയിന്റാണ് വരകളിൽ ഉപയോഗിച്ചതെന്ന് സമ്മതിക്കുമ്പോഴും കൃത്യമായ മറുപടി തരാൻ ഭരണാധികാരികൾക്കും കഴിയുന്നില്ല.
സീബ്രാ ലൈനുകൾ മാഞ്ഞതായൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിനെപ്പറ്റി പരിശോധിച്ചിട്ട് നടപടികൾ കൈക്കൊള്ളാം -പി ഇന്ദിര ഡെപ്യുട്ടി മേയർ
റോഡ് കടക്കാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. അപകടമുണ്ടായി ഒരാൾ മരണപ്പെട്ടാലെ അധികാരികളുടെ കണ്ണ് തുറക്കൂ എങ്കിൽ ജനങ്ങൾ എന്ത് ചെയ്യും
-എം.കെ രാജീവൻ, കാൽ നടയാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |