ധാക്ക: സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച മോഡല്‍ മേഘ്‌നയെ അറസ്റ്റ് ചെയ്ത് പൊലീസ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗ്ലാദേശ് പൊലീസിന്റെ നടപടി. ബംഗ്ലാദേശിലെ പ്രമുഖ മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശ് ജേതാവുമാണ് അറസ്റ്റിലായ മേഘ്‌ന ആലം. ഇക്കഴിഞ്ഞ ഒമ്പതിനാണ് പൊലീസ് മേഘ്‌നയെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നുവെന്ന് ആരോപിച്ച് മേഘ്‌ന ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പങ്കുവച്ചിരുന്നു. പൊലീസിന്റെ നടപടികളുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് മേഘ്‌ന വീഡിയോയില്‍ പറയുന്നുണ്ട്. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുര്‍ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് മുന്‍പ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെതിരേ മേഘ്ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇദ്ദേഹം തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം.
മേഘ്‌നയും സൗദിയിലെ ഉദ്യോഗസ്ഥനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് അവരുടെ പിതാവ് പറയുന്നത്. എന്നാല്‍ മകള്‍ ഉദ്യോഗസ്ഥന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പിതാവ് പറയുന്നു. തനിക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന വിവരം സൗദിയിലെ ഉദ്യോഗസ്ഥന്‍ മറച്ചുവച്ചുവെന്നും ഇക്കാര്യം പിന്നീട് മകള്‍ അറിഞ്ഞതോടെയാണ് ബന്ധത്തില്‍ നിന്ന് പിന്‍മാറിയതെന്നും മേഘ്‌നയുടെ പിതാവ് ബദറുല്‍ ആലം പറയുന്നു.
അതേസമയം മേഘ്നയുടെ അറസ്റ്റിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേഘ്നയുടെ അറസ്റ്റില്‍ ആശങ്കയറിയിച്ചു രംഗത്ത് വന്നു. ഒന്നുകില്‍ അവര്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാവുന്ന കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ അവരെ വിട്ടയക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |