തിരുവനന്തപുരം: കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് കടുത്ത അധിക്ഷേപവും നേതാക്കളില്‍ നിന്ന് വിമര്‍ശനവും ഏറ്റുവാങ്ങുന്ന ദിവ്യ എസ് അയ്യര്‍ ഐഎഎസിന് പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളും അണികളും ദിവ്യക്കെതിരെ രംഗത്ത് വന്നത്. മോശം ഭാഷയില്‍ ദിവ്യയെ അധിക്ഷേപിച്ചും കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ രംഗത്ത് വന്നിരുന്നു.
രാഷ്ട്രീയ തിമിരം ബാധിച്ചവരോട് പോകാന്‍ പറയൂ എന്നും ഈ വിഷയത്തില്‍ നിരുപാധികം ദിവ്യക്ക് ഒപ്പമാണ് എന്നുമാണ് മന്ത്രി ശിവന്‍കുട്ടി പിന്തുണ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദിവ്യയുടെ ചിത്രം പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്.
കര്‍ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്നാണ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ടെന്നും വിശ്വസ്തതയുടെ ഒരു പാഠപുസ്തകവും കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടുമാണ് അദ്ദേഹമെന്നും ദിവ്യ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ദിവ്യക്ക് എതിരെ രംഗത്ത് വന്നിരുന്നു. പിണറായിക്ക് പാതസേവ ചെയ്യുന്ന ഉദ്യോഗസ്ഥ എന്നാണ് മുരളീധരന്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യര്‍,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |