കൊച്ചി: കഴിഞ്ഞദിവസം നിര്യാതനായ എഫ്.സി.ഐ ഒ.ഇ.എൻ കണക്ടേഴ്സ് മുൻ മാനേജിംഗ് ഡയറക്‌ടറും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസിലെ എക്സിക്യുട്ടീവ് ഡയറക്‌ടറുമായ പി. ജോർജ് വർഗീസിന് (77) അന്ത്യാഞ്ജലി. വൈറ്റിലയിലെ വീട്ടിൽ ശുശ്രൂഷകൾക്കുശേഷം രവിപുരം ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം.
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് കണക്‌ടറുകളുടെ നിർമ്മാതാക്കളായി എഫ്.സി.ഐ ഒ.ഇ.എൻ കണക്ടേഴ്സിനെ വളർത്തിയതിൽ നിർണായകപങ്ക് വഹിച്ചത് ജോർജ് വർഗീസാണ്. വൈസ് ചെയർമാൻ, എക്സിക്യുട്ടീവ് ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1980ൽ ചെറിയതോതിൽ ആരംഭിച്ച ഒ.ഇ.എൻ കണക്ടേഴ്സിനെ ആധുനികമാക്കിയത് അദ്ദേഹമാണ്. ഫ്രഞ്ച് കമ്പനിയായ എഫ്.സി.ഐയുമായി പങ്കാളിത്തം നേടിയതോടെ വൻവളർച്ചയാണ് നേടിയത്. മുളന്തുരുത്തിയിലും ബംഗളൂരുവിലും നിർമ്മാണ യൂണിറ്റുകളുണ്ട്.
ഒ.ഇ.എന്നിലെ ചുമതലകൾ ഒഴിഞ്ഞശേഷമാണ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസിൽ ചുമതലയേറ്റത്. കേരള മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഇന്തോ അമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സ് മാനേജിംഗ് കമ്മിറ്റി അംഗം, കൊച്ചിയിലെ ഐ.എം.എ ബ്ലഡ് ബാങ്ക് ട്രസ്റ്റി, ഡി.സി സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി ഗവേണിംഗ് കൗൺസിൽ അംഗം, വിവിധ കമ്പനികളിൽ ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദവും കൊച്ചി സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഭാര്യ: പമേല അന്ന മാത്യു (ഒ.ഇ.എൻ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ, വ്യവസായസംഘടനയായ ഫിക്കിയുടെയും കേരള മാനേജ്മെന്റ് അസോസിയേഷന്റെയും ആദ്യത്തെ വനിതാ പ്രസിഡന്റ്). മകൾ : രൂപ അന്ന ജോർജ്. മരുമകൻ : റോഷൻ റോയ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |