തിരുവനന്തപുരം: സ്വകാര്യ ടെലികോം സര്‍വീസ് ദാതാക്കള്‍ നിരക്ക് ഉയര്‍ത്തുമ്പോള്‍ 400 രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പാക്കേജുമായി ബി.എസ്.എന്‍.എല്‍ വിപണിയില്‍ ശക്തമായ മത്സരത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയ 397 രൂപ പ്ലാന്‍ പ്രകാരം 150 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിലൂടെ ഏകദേശം അഞ്ച് മാസത്തേക്ക് റീചാര്‍ജ് ചെയ്യാതെ ഫോണ്‍ ഉപയോഗിക്കാനാകും. ഈ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം.
ആദ്യ 30 ദിവസം പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും ലഭിക്കും.ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജി.ബി ഡാറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിംഗ് സേവനവും ചേര്‍ക്കാനാകും. കുറഞ്ഞ ചെലവില്‍ ദീര്‍ഘ വാലിഡിറ്റിയുള്ള പ്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 397 റീചാര്‍ജ് പ്ലാന്‍ നല്ല ഓപ്ഷനായിരിക്കും.എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എങ്കിലും സിം 150 ദിവസം ആക്ടീവായി തുടരും. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ വര്‍ഷം ടെലികോം കമ്പനികള്‍ താരിഫ് വര്‍ദ്ധിപ്പിച്ചത് ബിഎസ്എന്‍എല്ലിന് വലിയ നേട്ടമുണ്ടാക്കാന്‍ സാഹചര്യമൊരുക്കിയിരുന്നു. ഡാറ്റ, കാള്‍ പാക്കേജുകളില്‍ കമ്പനികള്‍ വരുത്തിയ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ഒന്നിലധികം സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്കുന്ന ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് ആശുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. ആളുകളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ 4ജിയിലേക്ക് മാറുന്ന നടപടികള്‍ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ വേഗത്തിലാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |