ട്രെയിന്‍ യാത്ര ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയ നിരവധിപേര്‍ നമുക്കിടയിലുണ്ട്. പലപ്പോഴും ഉറക്കവും ഭക്ഷണം കഴിപ്പുമെല്ലാം ട്രെയിനിനുള്ളിലായിരിക്കും പലരും ചില ഘട്ടങ്ങളിലെങ്കിലും നടത്തുന്നത്. യാത്രകള്‍ക്കിടയില്‍ ട്രെയിനില്‍ നിന്ന് ഒരു ചായയും വടയുമെങ്കിലും കഴിക്കാത്തവരുടെ എണ്ണവും വളരെ കുറവായിരിക്കും. ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തെ കുറിച്ച് മോശം അഭിപ്രായം ഇല്ലാത്ത ആളുകളും കുറവായിരിക്കും.
മോശമാണെന്ന് അറിയാമെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ടായിരിക്കും ഭക്ഷണം വാങ്ങി കഴിക്കുന്നത്. എന്നാല്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കണ്ടാല്‍ ട്രെയിനില്‍ നിന്നല്ല ഒരിടത്തു നിന്നും ജീവിതത്തില്‍ ഭക്ഷണം കഴിക്കാന്‍ തോന്നില്ല. അത്തരത്തില്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടെ താന്‍ കണ്ട കാഴ്ച സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ കിരണ്‍ അയ്യര്‍. കേരള എക്‌സ്പ്രസിലെ യാത്രയ്ക്കിടെ താന്‍ കണ്ട കാഴ്ച എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
കേരളാ എക്സ്പ്രസ് ട്രെയിന്‍ യാത്രയ്ക്കിടെയാണ് ട്രെയിനിലെ കാഴ്ച കണ്ടത്. സീറ്റില്‍ നിന്നും എഴുന്നേറ്റ് ഡോര്‍ സൈഡിലേക്ക് വന്ന് നിന്നപ്പോള്‍ അടഞ്ഞു കിടക്കുന്ന എതിര്‍വശത്തുന്ന ഡോറിനരികെ ഒരാള്‍ ഇരിക്കുന്നതു കണ്ടത്. നിലത്ത് നീല പ്ലാസ്റ്റിക് പാത്രത്തില്‍ കുറച്ചു വടകളും ഒരു പാത്രത്തില്‍ ചട്നിയും സ്പൂണും ഒക്കെ ഉണ്ടായിരുന്നു. വടകളില്‍ അയാള്‍ കയ്യിട്ട് ഇളക്കുന്നതും കാണാം. ടോയ്ലറ്റും കൈകഴുകുകയും വേസ്റ്റ് ഇടുകയും ഒക്കെ ചെയ്യുന്ന സ്ഥലത്തിന് തൊട്ടിപ്പുറത്താണ് അയാള്‍ ഇരിക്കുന്നതും ഫോണ്‍ ചെയ്തുകൊണ്ട് ഈ പ്രവര്‍ത്തി ചെയ്യുന്നതും.
റെയില്‍വേ കാറ്ററിംഗ് ടീമിന്റെ നീല യൂണിഫോമും അയാള്‍ ധരിച്ചിട്ടുണ്ടെന്നും നടന്‍ പറയുന്നു. കേരളാ എക്സ്പ്രസിനേയും ഇന്ത്യന്‍ റെയില്‍വേയേയും ട്രെയിന്‍ ഫുഡിനേയും ടാഗ് ചെയ്തുകൊണ്ട് കിരണ്‍ കുറിച്ചത് ഇങ്ങനെയാണ്: 'ഇന്നു കേരളാ എക്സ്പ്രസില്‍ കണ്ട കാഴ്ച. ഈ കടികള്‍ അല്ലേ നമ്മള്‍ കഴിക്കുന്നത്. അയാള്‍ കൈ ഇട്ടു ഡോര്‍ സൈഡില്‍ വച്ച ശുദ്ധമായ കടികള്‍' എന്നു പറഞ്ഞാണ് നടന്‍ ഈ വീഡിയോ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |