വത്തിക്കാന്‍ സിറ്റി: യോര്‍ഹെ മാരിയോ ബെര്‍ഗോഗ്ലിയോ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജന്റീനക്കാരനാണ്. ഫുട്‌ബോളിനെ ഹൃദയത്തില്‍ ആവാഹിച്ച ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നുള്ള ആദ്യത്തെ പോപ്പ് എന്ന ഖ്യാതിയും പോപ്പ് ഫ്രാന്‍സിസിന് സ്വന്തമാണ്. അര്‍ജന്റൈനായ പാപ്പയ്ക്ക് സ്വാഭാവികമായും ഫുട്‌ബോളിനോട് കമ്പമുണ്ടാകുന്നതില്‍ പുതുമയൊന്നുമില്ല. ലോകത്തിലെ ഏറ്റവും മനോഹരമായ കായികവിനോദമെന്നാണ് അദ്ദേഹം ഫുട്‌ബോളിനെ വിശേഷിപ്പിച്ചിരുന്നത്. സമാധാനം പുലരുന്നതിനുള്ള മാര്‍ഗമെന്ന രീതിയില്‍ കൂടിയാണ് അദ്ദേഹം കാല്‍പ്പന്തുകളിയെ കണ്ടിരുന്നത്.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ, ലയണല്‍ മെസി, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, ജിയാന്‍ലൂജി ബഫണ്‍ തുടങ്ങി ഒരുപിടി ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ അദ്ദേഹം വത്തിക്കാനില്‍ സ്വീകരിച്ചിട്ടുണ്ട്. തന്റെ ബാല്യകാലത്ത് ബ്യൂണസ് ഐറിസിലെ തെരുവുകളില്‍ പഴന്തുണികള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ പന്തുകൊണ്ട് ഫുട്‌ബോള്‍ കളിച്ചതിനേക്കുറിച്ചും അദ്ദേഹം ഒരിക്കല്‍ മനസ്സ് തുറന്നിട്ടുണ്ട്. ഐറിസിലെ സാന്‍ ലോറെന്‍സോ ക്ലബ്ബില്‍ പോപ്പ് ആയതിന് ശേഷവും അദ്ദേഹത്തിന് അംഗത്വം ഉണ്ടായിരുന്നു.
2013ല്‍ ഒരുവേള അര്‍ജന്റീന, ഇറ്റലി ഫുട്‌ബോള്‍ താരങ്ങളോട് സംസാരിക്കവേ ഫുട്‌ബോളിന് ലോക സമാധാനത്തില്‍ വഹിക്കാനുള്ള പങ്കിനെക്കുറിച്ച് പാപ്പ വാചാലനായി. ഫുട്‌ബോളിനെ ഒരു ബിസിനസ് ആയി മാത്രം കാണുന്നതിനേയും അദ്ദേഹം എതിര്‍ത്തിരുന്നു. ഫുട്‌ബോള്‍ താരങ്ങള്‍ ഒരിക്കലും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. 2014ല്‍ അന്ന് ലോകകപ്പ് ഫൈനല്‍ നടന്നത് ജര്‍മനിയും അര്‍ജന്റീനയും തമ്മിലായിരുന്നു. തന്റെ മുന്‍ഗാമിയായ ജര്‍മന്‍കാരന്‍ ബെനഡിക്ട് 16ാമനും ഫ്രാന്‍സിസ് പാപ്പയും ഈ മത്സരം കണ്ടിരുന്നു.
1990ല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് പശ്ചിമ ജര്‍മനി ലോകചാമ്പ്യന്‍മാരായ വര്‍ഷം ഫ്രാന്‍സിസ് പാപ്പ ടിവി കാണുന്നത് അവസാനിപ്പിച്ചിരുന്നു. തന്റെ രാജ്യത്ത് നിന്നുള്ള ഇതിഹാസതാരങ്ങളായ മറഡോണയാണോ മെസിയാണോ മിടുക്കനെന്ന ചോദ്യം അദ്ദേഹം നേരിട്ടിരുന്നു. മറഡോണ നല്ലൊരു ഫുട്‌ബോള്‍ താരമായിരുന്നുവെങ്കിലും ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് പോപ്പ് അഭിപ്രായപ്പെടുന്നത്. മെസി മാന്യനായ ഒരു വ്യക്തിയെന്നാണ് പോപ്പി പറഞ്ഞ വാക്കുകള്‍.
എന്നാല്‍ മെസിയോ മറഡോണയോ അല്ല മറിച്ച് മൂന്നാമത് ഒരു വ്യക്തിയെ ആണ് ഏറ്റവും മികച്ചവനായി താന്‍ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട് അത് ഒരു ബ്രസീലുകാരന്റെ പേരായിരുന്നുവെന്നതാണ് കൗതുകം. കാനറികളുടെ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആണ് ഏറ്റവും മികച്ച താരമെന്ന് പോപ്പ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |