SignIn
Kerala Kaumudi Online
Monday, 11 May 2026 11.02 PM IST

വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം; ഷൈൻ ടോം ചാക്കോ മാപ്പ് പറഞ്ഞതായി വിവരം

Increase Font Size Decrease Font Size Print Page
vincy-aloshious

കൊച്ചി: സിനിമാ സെറ്റിൽവച്ച് മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വിവരം. ഇന്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ നടിയോട് മാപ്പ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.

ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാവില്ലെന്ന് ഷൈൻ ഉറപ്പുനൽകി. ബോധപൂർവ്വം തെറ്റ് ചെയ്തിട്ടില്ല. പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇന്റേണൽ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇന്റേണൽ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്നാണ് യോഗത്തിൽ വിൻസി നിലപാട് എടുത്തത്. പൊലീസിൽ പരാതി നൽകാനില്ലെന്നും വിൻസി ആവർത്തിച്ചു.

ഷൈനെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് താരസംഘടന. ഫിലിം ചേംബറും താര സംഘടനയും ഇന്റേണൽ കമ്മിറ്റി യോഗത്തിന്റെ റിപ്പോ‌ർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്നുതന്നെ ലഭിക്കുമെന്നാണ് സൂചന. ഇരുഭാഗത്തിനും പറയാനുള്ളത് കേട്ടതിനാൽ അന്തിമ റിപ്പോ‌ർട്ട് തയ്യാറാക്കി ഫിലിം ചേമ്പറിന്റെ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോർട്ടിൽ ഗൗരവകരമായ പരാമർശങ്ങൾ ഉണ്ടെങ്കിൽ ഷൈനെതിരെ നടപടി സ്വീകരിക്കാനും കമ്മിറ്റിക്ക് നിർദേശിക്കാം.

സിനിമാ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്തിയിരുന്നില്ല. 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോയാണ് വിൻസിയോട് മോശമായി പെരുമാറിയതെന്ന വിവരം പിന്നീട് പുറത്തുവരികയായിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്.

TAGS: VINCY ALOSHIOUS, SHINE TOM CHACKO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA