ഇന്ത്യയിലെ ബിസിനസ് സാമ്രാട്ടുകളെപ്പോലെ തന്നെ ശ്രദ്ധപിടിച്ചുപറ്റുന്നവരാണ് അവരുടെ മക്കളും. ഈ അതിസമ്പന്നരുടെ ജീവിതവും വിശേഷങ്ങളുമെല്ലാം തന്നെ വാർത്തയാകാറുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി സ്വകാര്യജീവിതം നയിക്കുന്ന ഒരു കോടീശ്വര പുത്രിയുണ്ട്, ടെലികോം മേഖലയിലെ വമ്പനായ ഭാരതി എയർടെല്ലിന്റെ സ്ഥാപകൻ സുനിൽ മിത്തലിന്റെ മകൾ ഈഷ ഭാരതി പാസ്‌റീച്ച.
10.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയായിട്ടും, ബിസിനസ് ലോകത്ത് സ്വന്തം വഴിവെട്ടി കഴിവുതെളിയിച്ചയാളാണ് ഈഷ. ഫാഷൻ, കോസ്മെറ്റിക് മേഖലകളിലെ നിക്ഷേപങ്ങളിലൂടെയാണ് വിജയകരമായ ബിസിനസുകാരിയാണെന്ന് ഈഷ തെളിയിച്ചത്. വെയിൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ് മിഡിൽട്ടൺ, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ തുടങ്ങിയവരുടെ ഇഷ്ട ബ്രാൻഡായ റോക്‌സാൻഡയിലെ നിക്ഷേപമാണ് ഈഷയുടെ പ്രധാന നിക്ഷേപങ്ങളിലൊന്ന്. ലണ്ടൻ ആസ്ഥാനമായുള്ള ബ്യൂട്ടിസ്റ്റാക്കിലും ഈഷയ്ക്ക് നിക്ഷേപമുണ്ട്.
ഹോക്സ്റ്റൺ, ഗ്ലെനീഗിൾസ് തുടങ്ങിയ ആഡംബര ഹോട്ടൽ ബ്രാൻഡുകളുമായി ബന്ധപ്പെട്ട എനിസ്മോർ എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശരൺ പാസ്‌റീച്ചയാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. ലണ്ടനിൽ വളരെ ലളിതമായ ജീവിതമാണ് ഇവർ നയിക്കുന്നത്.
ഈഷയുടെ പിതാവ് സുനിൽ ഭാരതി മിത്തലിന്റെ ആസ്തി 12.9 ബില്യൺ ഡോളർ (ഒരു ലക്ഷം കോടിയിലധികം രൂപ) ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും ശതകോടീശ്വരന്മാരിൽ ഒരാളായ അദ്ദേഹം 2025ലെ ഫോർബ്‌സിന്റെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ 174ാം സ്ഥാനത്താണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |