പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കര്‍ണാടകയിലെ വ്യവസായി മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടേയും കുടുംബത്തിന്റേയും മുന്നില്‍. ഭാര്യക്കും മകനുമൊപ്പം കാശ്മീരില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ശിവമൊഗ്ഗയിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയായ മഞ്ജുനാഥ റാവു. തന്റെ ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണത്തില്‍ നിന്ന് ഭാര്യ പല്ലവി ഇപ്പോഴും മുക്തയായിട്ടില്ല. എല്ലാം ഒരു ദുസ്വപ്‌നം പോലെ തോന്നുന്നുവെന്ന് പല്ലവി പറഞ്ഞതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റേയും മകന്റേയും മുന്നില്‍വച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ആദ്യം അവര്‍ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തി. നിങ്ങള്‍ എന്റെ ഭര്‍ത്താവിനെ ഇല്ലായ്മ ചെയ്തില്ലേ? ഞങ്ങളെയും കൂടി കൊലപ്പെടുത്തിക്കോളൂ എന്ന് പറഞ്ഞു.അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞത് നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ ഇക്കാര്യങ്ങള്‍ എന്നായിരുന്നു- പല്ലവിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയെന്നും പല്ലവി പറഞ്ഞു. പ്രദേശവാസികളായ മൂന്ന് പേര്‍ എത്തിയാണ് തന്നേയും മകനേയും രക്ഷിച്ചതെന്നും പല്ലവി മാദ്ധ്യമങ്ങളോട് പറഞ്ഞു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. പരിക്കേറ്റവരില്‍ പ്രദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. പഹല്‍ഗാമിലെ ബെയ്‌സരണ്‍ താഴ്‌വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മു കാശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. ഇതുവരെ 25 പേര്‍ മരിച്ചതായിട്ടാണ് ഔദ്യോഗിക സ്ഥിരീകരണം.
സമീപകാലത്ത് ജമ്മു കാശ്മീരിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടക്കുന്നത്. ആക്രമണം നടന്ന സ്ഥലം ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശമാണെന്നാണ് പൊലീസും പ്രദേശവാസികളും പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |