ശ്രീനഗർ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനിടെ അക്രമികളിൽ നിന്ന് തോക്ക് പിടിച്ചെടുത്ത് തിരിച്ചടിക്കാൻ ശ്രമിച്ച കുതിരസവാരിക്കാരനായ യുവാവ് കൊല്ലപ്പെട്ടു. ഭീകരർ ആക്രമിക്കാൻ എത്തിയപ്പോൾ ധീരതയോടെ അവരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പഹൽഗാമിലെ കാർ പാർക്കിംഗിൽ നിന്ന് കാൽനടയായി മാത്രം എത്തിച്ചേരാവുന്ന ബൈസരൻ പുൽമേടിലേക്ക് തന്റെ കുതിരപ്പുറത്ത് വിനോദസഞ്ചാരികളെ എത്തിക്കുന്ന ജോലിയായിരുന്നു സയ്യിദ് ആദിൽ ഹുസൈന്.
അപ്രതീക്ഷിതമായി ഭീകരർ ആക്രമിക്കാൻ എത്തിയതോടെ അവരിൽ ഒരാളുമായി പോരാടുന്നതിനിടെയാണ് ആദിലിന് വെടിയേറ്റത്. ഭാര്യയും മക്കളും മതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആദിൽ. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മകൻ ജോലിക്കായി പഹൽഗാമിലേക്ക് പോയതെന്ന് ആദിലിന്റെ പിതാവ് സയ്യിദ് ഹൈദർ പറഞ്ഞു.
ആക്രമണത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞപ്പോൾ ഞങ്ങൾ അവനെ വിളിച്ചു. എന്നാൽ അവന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. വൈകിട്ട് 4.40 ആകുമ്പോഴേക്കും ഫോൺ ഓണായെങ്കിലും ആരും എടുത്തില്ല. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് മകൻ ആക്രമണത്തിൽ പരിക്കേറ്റെന്ന് അറിഞ്ഞത്. ഉത്തരവാദികൾ ആരായാലും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കണമെന്നും പിതാവ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |