ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുട സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സേഫ്റ്റി കമ്മീഷണര്‍. 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ട്രെയിന്‍ ആണ് വന്ദേഭാരത്. എന്നാല്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ട്രാക്കിന് കുറുകെ പോകുന്ന ഒരു പശുവിനെ ഇടിച്ചാല്‍പ്പോലും വന്ദേഭാരത് പാളം തെറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍.
കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് ട്രെയിനുകളുടെ ഭാരത്തിലെ കുറവാണ് ഇത്തരത്തിലൊരു പാളം തെറ്റല്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. മറ്റ് എക്‌സ്പ്രസ് തീവണ്ടിക്കുമുന്നില്‍ ലോക്കോമോട്ടീവ് എന്‍ജിനുണ്ട്. അതിനാല്‍ പശുക്കളെ ഇടിച്ചാലും പാളം തെറ്റാനുള്ള സാധ്യതയില്ലെന്നും സേഫ്റ്റി കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമ്പോള്‍ത്തന്നെ പാളങ്ങള്‍ക്ക് ഇരുവശവും കോണ്‍ക്രീറ്റ് വേലികള്‍ നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിരുന്നെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. പല റെയില്‍വേ സോണുകളും കോണ്‍ക്രീറ്റ് വേലികള്‍ നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 3000 കിലോമീറ്ററില്‍ കോണ്‍ക്രീറ്റ് വേലി കെട്ടി. വന്ദേഭാരതിന് കവച് സംവിധാനവും ഉണ്ട്. വന്ദേഭാരത് ട്രെയിനുകള്‍ കന്നുകാലികളെ ഇടിച്ച് മുന്‍ഭാഗത്തിന് കാര്യമായ കേടുപാട് സംഭവിക്കുന്ന നിരവധി സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |