കായംകുളം : എമർജൻസി കാളായ 112 ൽ വിളിച്ച് പോലീസിനെ വട്ടം ചുറ്റിച്ച യുവാവ് പൊലീസ് പിടിയിലായി. അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷ് (33) ആണ് അറസ്റ്റിലായത്. 23ന് രാത്രി 12മണിയോടെ 112 ൽ വിളിച്ച ധനീഷ് ഓച്ചിറ ലാംസി സൂപ്പർ മാർക്കറ്റിന് എതിർവശം ഉള്ള ലോഡ്ജിൽ തന്നെ പൂട്ടി ഇട്ടിരിക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് കൺട്രോൾ റൂം പൊലീസ് അവിടെ എത്തിയപ്പോൾ ലോഡ്ജിന്റെ ഷട്ടർ അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ അവിടെ നിന്ന് യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ റൂമിൽ തന്നെ ഉണ്ടെന്നും പറഞ്ഞു. തുടർന്ന് പൊലീസ് ഫയർ ഫോഴ്സിന്റെ സഹായം തേടി. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ട് അറുത്തു മാറ്റി അകത്തു കടന്നു റൂമുകൾ പാർശോധിച്ചപ്പോൾ ആരെയും കണ്ടെത്താൻ സാധിച്ചില്ല. വീണ്ടും 112 ൽ ഫോൺ വിളി ചെന്നതിനെ തുടർന്ന് അന്വേഷണം നടത്തിയ കായംകുളം എസ്.ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മറ്റൊരു ലോഡ്ജിൽ നിന്ന് ധനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |