ഇടുക്കി: മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനത്തിനായി റവന്യൂ വകുപ്പിൽ നിന്ന് ലഭിച്ച ഭൂമിയുടെ രേഖ കൈമാറ്റ ചടങ്ങും രക്തദാന ക്യാമ്പും നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ഭൂരേഖ തഹസിൽദാർ കെ.എച്ച്. സക്കീറിൽ നിന്ന് ആശുപത്രി വികസനത്തിനായി ലഭിച്ച ഭൂമിയുടെ രേഖകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനീത ആർ. പുഷ്കരനും ചേർന്ന് ഏറ്റുവാങ്ങി. മികച്ച രീതിയിൽ ഔട്ട് പേഷ്യന്റ്, ലബോറട്ടറി, ഫാർമസി സൗകര്യങ്ങളും സ്പെഷാലിറ്റി സെന്ററുകളും സ്കാനിങ് എക്സറേ ഫിസിയോതെറാപ്പി യോഗ എന്നിവയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസനത്തിന് വഴിയൊരുക്കുന്നതാണ് നീണ്ടകാലത്തെ പരിശ്രമങ്ങൾക്ക് ശേഷം ലഭിച്ച പുതിയ ഭൂമി. ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജി. സത്യൻ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടോമി ജോർജ്, അബ്ബാസ്, എൽസമ്മ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി, ആർ.എം.ഒ. ഡോ. ഐന ഐസക് എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു പി.ജി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോക്ടർ അനു ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ലഡ് സെന്ററിന്റെ ചാർജ് ഓഫീസറായ ഡോ. ദേവി അന്തർജനം രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. ക്യാമ്പിൽ 34 പേർ രക്തം ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |