കോട്ടയം:വിവിധ കാലാരൂപങ്ങളുടെ പത്തരമാറ്റ് തിളക്കത്തോടെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര. കേരളത്തിന്റെ സാംസ്കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന രീതിയിലായിരുന്നു ഘോഷയാത്ര. കൊടുംചൂടിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ദീപശിഖ ജില്ലസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾക്ക് കൈമാറി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം വി. രാജേഷ് ദീപശിഖയേന്തി ഘോഷയാത്ര നയിച്ചു. കേരളത്തനിമയും പൈതൃകവും വിളിച്ചോതുംവിധം വർണാഭമായ ഘോഷയാത്രയിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ,ഹരിതകർമ സേനാംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടായിരുന്നു. 33 സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ പങ്കെടുത്തു. ശിങ്കാരിമേളവും ബാന്റ് മേളവും ചെണ്ടമേളവും നഗര വീഥികളിൽ ശബ്ദ വിസ്മയം തീർത്തു.
തിരുനക്കര മൈതാനത്തു നിന്നും ആരംഭിച്ച ഘോഷയാത്ര നാഗമ്പടം മൈതാനത്ത് അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |