തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മഹാപ്രളയം വിതച്ച സർവ നാശത്തിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ സർക്കാരിന്റെ വായ്പാ സഹായത്തിലൂടെ കെട്ടിപ്പൊക്കിയതെല്ലാം ഇൗ വർഷത്തെ മഴ കൊണ്ടുപോയി. ഇതോടെ, കൊടുംദുരിതത്തിലായത് ഒരു ലക്ഷത്തോളം കുടുംബങ്ങൾ.
കഴിഞ്ഞ പ്രളയത്തിൽ നിരാലംബരായ ഒന്നേമുക്കാൽ ലക്ഷം കുടുംബങ്ങൾക്ക് കുടുംബശ്രീവഴി സർക്കാർ ആവിഷ്കരിച്ച റീസർജന്റ് കേരള പദ്ധതിയുടെ ഭാഗമായാണ് ഒരു ലക്ഷം രൂപ വീതം വായ്പ അനുവദിച്ചത്. ഈ വായ്പയിലൂടെ ചെറിയ തോതിൽ കെട്ടിപ്പൊക്കിയ ജീവിതം പച്ച പിടിച്ചുവരികയായിരുന്നു. രണ്ടാം പ്രളയം തകർത്തത് ഈ പച്ചപ്പുകളെയാണ്.
1,73167 പേർക്കായി മൊത്തം 1435.14 കോടിയുടെ വായ്പയാണ് അനുവദിച്ചത്. ഇതിൽ പകുതിയിലേറെ കുടുംബങ്ങളുടെയും വരുമാനമാർഗം ഇൗ വർഷത്തെ മഴക്കെടുതിയിൽ മുങ്ങിയതായാണ് കുടുംബശ്രീയുടെ കണക്ക്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്.
വായ്പത്തുക കൊണ്ട് കോഴിയെയും ആടിനെയും വളർത്തിയും ചെറുജോലികൾ കണ്ടുപിടിച്ചും ജീവിതം തിരികെ പിടിക്കുകയായിരുന്നു പലരും. ജീവിതോപാധികൾക്കൊപ്പം, ടി.വിയും ഫ്രിഡ്ജുമടക്കമുള്ള ഗൃഹോപകരണങ്ങളും നഷ്ടമായി.വായ്പ തിരിച്ചടവും മുടങ്ങുന്ന സ്ഥിതിയിലാണ് പലരും. ഈ സാഹചര്യത്തിൽ തിരിച്ചടവ് കാലാവധി കൂട്ടണമെന്നും ഇതുവരെ തുക അടച്ചവരുടെ ബാക്കി തുക എഴുതിത്തള്ളണമെന്നും ആവശ്യമുയരുന്നു.
റിസർജന്റ് കേരള
ലോൺ സ്കീം
പ്രളയത്തിൽ നശിച്ച ഗൃഹോപകരണങ്ങൾ വാങ്ങാനും കോഴി,ആട് തുടങ്ങി നഷ്ടമായ ജീവനോപാധികൾ നേടാനും വീടിന്റെ ചെറിയ അറ്റകുറ്റപ്പണികൾക്കുമാണ് ഈ വായ്പാ പദ്ധതി.9 ശതമാനമാണ് പലിശ.ഇത് സർക്കാർ വഹിക്കും. 36 മുതൽ 48 മാസം വരെയാണ് തിരിച്ചടവ് കാലയളവ്.
വായ്പഎടുത്തവരുടെ
എണ്ണം (ജില്ല തിരിച്ച്)
എറണാകുളം - 49,756
ആലപ്പുഴ - 40,638
പാലക്കാട് - 1813
തൃശൂർ - 41,987
മലപ്പുറം - 4148
കോഴിക്കോട് - 2311
വയനാട് - 2837
കണ്ണൂർ - 22
' തുടർച്ചയായ രണ്ട് വർഷവും നാശനഷ്ടം സംഭവിച്ച കുടുംബശ്രീ യൂണിറ്റുകളുടെ കണക്കെടുക്കും. അതിനുശേഷം ആവശ്യമായ നടപടികൾ കൈക്കൊള്ളും
- എസ്.ഹരികിഷോർ
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ