ന്യൂഡല്‍ഹി: പെട്ടെന്നൊരു യാത്ര പോകേണ്ടി വന്നാല്‍ പലരും നേരിടുന്ന പ്രശ്നമാണ് ടിക്കറ്റിന് പണം കണ്ടെത്തല്‍. മുന്‍കൂട്ടി നിശ്ചയിക്കാത്ത യാത്രകള്‍ക്ക് ഉയര്‍ന്ന നിരക്ക് നല്കി തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ചെലവ് പിന്നെയും കൂടും. ഈ സാഹചര്യം റെയില്‍വേയുടെ ബൈ നൗ പേ ലേറ്റര്‍ സംവിധാനം ഉപയോഗിച്ച് ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ അധികം ആളുകള്‍ക്ക് ഈ സൗകര്യത്തേക്കുറിച്ച് അറിയില്ലെന്നതാണ് വസ്തുത.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) ആണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ഇ പേ ലേറ്റര്‍ പദ്ധതിയുടെ ഭാഗമായി പണമടയ്ക്കാതെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ കഴിയും. 14 ദിവസങ്ങള്‍ക്ക് ശേഷം മാത്രം പണം അടച്ചാല്‍ മതിയാകും. അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് എന്ന കമ്പനിയുമായി കൈകോര്‍ത്താണ് റെയില്‍വേയുടെ ഈ പദ്ധതി. ഐആര്‍സിടിസിയുടെ മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് എടുക്കുമ്പോള്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും.
ഈ സംവിധാനത്തില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ നെറ്റ് ബാങ്കിംഗ്, യുപിഐ ഐഡി, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങളോ നല്‍കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു നേട്ടം. കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ നല്കേണ്ടതില്ലെന്നതിനാല് തന്നെ സുരക്ഷ സംബന്ധിച്ച് പ്രശ്നങ്ങളില്ല. പേമെന്റ് പേജില്‍ നിന്ന് 'ePayLater' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്യേണ്ടത്. സ്പോട്ടില്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം മുതല്‍ 14 ദിവസത്തിനുള്ളിലാണ് പണം നല്‍കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |