തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പരിഹാസത്തിന് സിനിമാഭാഷയിൽ മറുപടി നൽകി ബിജെപി സംസ്ഥാൻ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി അദ്ധ്യക്ഷന് കേരള രാഷ്ട്രീയം അറിയില്ലെന്നും മലയാളം അറിയില്ലെന്നുമാണ് വിഡി സതീശൻ ആക്ഷേപിച്ചത്. ഇതിനാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ ടൊവിനോ തോമസിന്റെ ഡയലോഗിന് സമാനമായി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്യുമ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എനിക്ക് കേരള രാഷ്ട്രീയം അറിയില്ലെന്നാണ് കോൺഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല. അത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുക. അവസരങ്ങളും തൊഴിലും നിക്ഷേപവും കൊണ്ടുവരലാണ് ഞങ്ങളുടെ ലക്ഷ്യം.
എനിക്ക് മലയാളം അറിയില്ലെന്നാണ് രണ്ടാമത്തെ ആരോപണം. ഞാൻ തൃശൂരിൽ പഠിച്ച് വളർന്ന ആളാണ്. രാജ്യസേവനം ചെയ്ത പട്ടാളക്കാരൻ ചന്ദ്രശേഖറിന്റെ മകനാണ്. എനിക്ക് മുണ്ടുടുക്കാനും അറിയാം. വേണമെങ്കിൽ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തിൽ തെറി പറയാനും അറിയാം. ജനങ്ങളോട് വികസന സന്ദേശം മലയാളത്തിൽ പറയാനും അറിയാം. അതൊന്നും എന്നെയാരും പഠിപ്പിക്കേണ്ട'- അദ്ദേഹം പ്രതികരിച്ചു.ലൂസിഫറിൽ ടൊവിനോ തോമസ് പറഞ്ഞ ഈ ഡയലോഗ് തീയേറ്ററുകളിൽ ഏറെ കൈയടി നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |