SignIn
Kerala Kaumudi Online
Thursday, 22 May 2025 9.05 PM IST

പ്രിയപ്പെട്ട ലാലേട്ടാ, ഇനിയും ഒരുപാട് ശില്പങ്ങൾ ആവാനുള്ള കളിമണ്ണാണ് നിങ്ങൾ, പക്ഷേ; അഭ്യർത്ഥനയുമായി കിഷോർ സത്യ

Increase Font Size Decrease Font Size Print Page
kishor-satya

മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'തുടരും' ഇന്നലെയാണ് റിലീസ് ചെയ്‌തത്. നടൻ എന്ന നിലയിൽ മോഹൻലാൽ പ്രേക്ഷകരെ ആ മാന്ത്രിക കാലത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് പ്രതികരിച്ചിരിക്കുകയാണ് നടൻ കിഷോർ സത്യ. തരുൺ മൂർത്തിയോടാണ് അതിന് നന്ദി പറയേണ്ടതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കുറച്ചു വർഷങ്ങളായി ലാലേട്ടനെ ഇതുപോലെ കാണാൻ കൊതിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ടെന്നും ഇടയ്ക്ക് ഒരിളം തെന്നൽ പോലെ കടന്നുപോയ ജിത്തു ജോസഫിന്റെ നേര് മാത്രമായിരുന്നു ഒരാശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. "പ്രിയപ്പെട്ട ലാലേട്ടാ, ഇനിയും ഒരുപാട് ശില്പങ്ങൾ ആവാനുള്ള കളിമണ്ണാണ് നിങ്ങൾ. പക്ഷേ ശിൽപ്പികളുടെ തിരഞ്ഞെടുപ്പിൽ ഇനി മുതലെങ്കിലും ഒരല്പം കൂടെ ശ്രദ്ധ പതിപ്പിക്കണം" എന്ന അഭ്യർത്ഥനയും കിഷോർ സത്യ പങ്കുവച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാൻ ആദ്യമായാണ് ഒരു മലയാള സിനിമ അതിന്റെ ആദ്യപ്രദർശനം കാണുന്നത്.
താങ്ക്യൂ തരുൺ മൂർത്തി. കുറച്ചു വർഷങ്ങളായി നമ്മുടെ ലാലേട്ടനെ ഇതുപോലെ കാണാൻ കൊതിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ഒരിളം തെന്നൽ പോലെ കടന്നുപോയ ജിത്തു ജോസഫിന്റെ നേര് മാത്രമായിരുന്നു ഒരാശ്വാസം. പഴയത്... പുതിയത്....വിന്റേജ് തുടങ്ങിയ ആലങ്കാരിക പദങ്ങളുടെ ഒന്നും ആവശ്യമില്ല. നടൻ എന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹം നമ്മളെ ആ മാന്ത്രിക കാലത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയിരിക്കുന്നു.

നവമാധ്യമ ലോകത്തെ താരയുദ്ധങ്ങളിൽ ഇത്രയധികം പരിഹസിക്കപ്പെട്ട ഒരു നടൻ മറ്റെങ്ങും ഉണ്ടാവില്ല. മോഹൻലാൽ എന്ന താരത്തെ ഉപയോഗിച്ച സിനിമകളിൽ മിക്കതിലും മോഹൻലാൽ എന്ന നടനെ അവർ മറന്നു പോയിരുന്നു. എന്നാൽ മീശ പിരിക്കാതെ, സ്ലോമോഷനിൽ നടക്കാതെ, പ്രച്ഛന്ന വേഷത്തിന്റെ വിരസതയില്ലാതെ പഞ്ച് വർത്തമാനം പറയാതെ ഒരു സാധാരണക്കാരൻ ഡ്രൈവർ ഷണ്മുഖമായി മോഹൻലാൽ എന്ന നടനും താരവും ഒരേപോലെ തിമിർത്താടുന്നു തുടരും എന്ന സിനിമയിൽ. തീമഴ പെയ്യുന്ന മരുഭൂമിയിൽ വീശി അടിക്കുന്ന മണൽക്കാറ്റിൽ പ്രതീക്ഷ നഷ്ടപ്പെട്ട് മുന്നോട്ടു പോയവന് മുമ്പിൽ മരൂപച്ച കിട്ടിയത് പോലെ!

സിനിമയുടെ കഥയുടെ ഒരു സൂചന പോലും ഞാൻ നൽകുന്നില്ല. ഈ ചിത്രം മുൻവിധികളില്ലാതെ നിങ്ങൾ പോയി കണ്ടു തന്നെ ആസ്വദിക്കണം സുനിലിന്റെ കഥയിൽ തിരനാടകം ഒരുക്കാൻ തരുൺമൂർത്തിയും കൂടെ കൂടി. ഷാജിയുടെ ക്യാമറ, ജയിക് ബിജോയ്‌ യുടെ സംഗീതം. ലാലേട്ടനൊപ്പം കട്ടക്ക് പ്രകാശ് വർമ്മ. കൂടെ നമ്മുടെ പ്രിയപ്പെട്ട ശോഭന മാം, ബിനു പപ്പു, മണിയൻപിള്ള രാജു ചേട്ടൻ അങ്ങനെ പോകുന്നു...


ഒറ്റയ്ക്ക് പോകണ്ട ഭാര്യയും മക്കളും കുടുംബവുമായി തന്നെ ഈ സിനിമ കാണാൻ പൊക്കോളൂ. നിങ്ങൾ നിരാശരാവില്ല. ലാലേട്ടന്റെ കൂടെ നിങ്ങൾ ചിരിക്കും സന്തോഷിക്കും, നെഞ്ചുവിങ്ങും കണ്ണുനീർ പൊഴിക്കും, ആർത്തുവിളിക്കും....

പ്രിയപ്പെട്ട ലാലേട്ടാ... ഇനിയും ഒരുപാട് ശില്പങ്ങൾ ആവാനുള്ള കളിമണ്ണാണ് നിങ്ങൾ...
പക്ഷേ ശിൽപ്പികളുടെ തിരഞ്ഞെടുപ്പിൽ ഇനി മുതലെങ്കിലും ഒരല്പം കൂടെ ശ്രദ്ധ പതിപ്പിക്കണം എന്ന് മാത്രം......

TAGS: ACTOR KISHOR SATYA, MOVIENEWS, MOHANLAL, THUDARUM, MALAYALAMMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.