തൃശൂർ: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലേക്ക് എറിഞ്ഞത് നാടൻ പടക്കമാണെന്ന് നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ കമ്മീഷണർ ശോഭ സുരേന്ദ്രനുമായി സംസാരിച്ചു.
സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. തൊട്ടടുത്ത സ്ഥലങ്ങളിലും ശബ്ദം കേട്ടിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ശോഭ സുരേന്ദ്രന്റെ വീടിന്റെ സമീപത്ത് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് ഗൗരവത്തോടെ കാണുന്നുവെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, വീടിന് മുന്നിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് ശോഭ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടു. കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയിട്ട് തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്നും ശോഭ പറഞ്ഞു.
'രാത്രി എന്റെ വാഹനം പുറത്ത് പോയിരുന്നു. വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം ആക്രമികൾക്ക് ലഭിച്ച നിർദേശം. അതുകൊണ്ടാവാം എന്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല' - ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭയുടെ വീടിന് എതിർവശത്തുള്ള വീടിന് മുന്നിലെ സ്ലാബിലാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. തൃശൂർ അയ്യന്തോളിലെ വീടിന് മുമ്പിൽ ഇന്നലെ രാത്രി 10.40ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ നാലുപേരാണ് സ്‌ഫോടക വസ്‌തു എറിഞ്ഞതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |