തൃശൂർ: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് നാട്ടുകാരായ മൂന്ന് യുവാക്കളാണെന്നാണ് പൊലീസ് പറയുന്നത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്ന് യുവാക്കൾ മൊഴി നൽകി.
പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ പൊലീസ് എത്തിയതോടെ പേടിച്ചാണ് യുവാക്കൾ വിവരം പുറത്തുപറയാതെ ഇരുന്നത്. സ്വന്തം വീടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്ന് യുവാവിന്റെ മൊഴി. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിടുമെന്ന് പൊലീസ് അറിയിച്ചു.
ശോഭ സുരേന്ദ്രന്റെ തൃശൂർ അയ്യന്തോളിലെ വീടിന് മുമ്പിൽ ഇന്നലെ രാത്രി 10.40ഓടെയാണ് സംഭവമുണ്ടായത്. ശോഭ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
വീടിന് മുന്നിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് ശോഭ സുരേന്ദ്രൻ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടിരുന്നു. കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയിട്ട് തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്നും ശോഭ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |