ന്യൂഡൽഹി: ഇന്ത്യയിലെ വാഹനപ്രേമികൾക്കിടയിൽ എസ്.യു.വികളോടുള്ള ഇഷ്ടം കുതിച്ചുയരുന്നത് കണക്കിലെടുത്ത് പുത്തൻ എസ്.യു.വി പുറത്തിറക്കാൻ ഒരുങ്ങി മാരുതി സുസുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഈ വർഷം തന്നെ പുതിയ മോഡൽ എസ്.യു.വി പുറത്തിറക്കുമെന്ന് ചെയർമാൻ ആർ.സി ഭാർഗവ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി മോഡലായ ഇ-വിറ്റാര സെപ്തംബർ മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങും. ഈ വർഷം 70000 യൂണിറ്റ് പുറത്തിറക്കുന്ന ഈ വാഹനത്തിന്റെ ഏറിയപങ്കും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ളതാണ്. ബ്രെസ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, ജിമ്നി എന്നിവയാണ് മാരുതി സുസുക്കിയുടെ മറ്റ് എസ്.യു.വികൾ.
ഇന്ത്യയിലെ ഇലക്ട്രിക് കാറുകൾ വിലകൂടിയതാണെന്നും അതിന് കാരണം ബാറ്ററി ഉൾപ്പെടെ ഇല്ക്ട്രിക് വാഹന നിർമ്മാണത്തിന് ആവശ്യമായവ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറ്ററിയും മറ്റ് പല പാർട്സുകളും ഇറക്കുമതി ചെയ്യേണ്ടി വരുന്നതാണ് നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യക്കാർക്ക് എസ്.യു.വികളോട് ഭ്രമമാണെന്നത് തെറ്റിദ്ധാരണയാണെന്നും ഇന്ത്യയിലെ ചെറുകാർ വിപണിക്ക് ടാക്സ് കുറച്ചും മറ്റും സർക്കാർ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജപ്പാനിലേത് പോലെ ഇന്ത്യയിലും ഹൈബ്രിഡ് കാറുകൾ ആവശ്യമുണ്ടെന്നും മാരുതു സുസുക്കി അത്തരം കാറുകളുടെ നിർമ്മാണവും ഉന്നം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |