ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്‌ലീമയുമായുള്ള സാമ്പത്തിക ഇടപാടിൽ വ്യക്തത വരുത്താൻ ഹാജരായി നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും. ആലപ്പുഴ എക്‌സൈസ് കമ്മീഷണർ ഓഫീസിൽ ആണ് ഇവരെത്തിയത്. മോഡൽ പാലക്കാട് സ്വദേശി സൗമ്യയോടും ഇന്ന് 10ന് ഹാജരാകാൻ ആലപ്പുഴ എക്‌സൈസ് കമ്മീഷണർ ഓഫീസിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 7.30ഓടെയാണ് ഷൈൻ ഹാജരായത്. 8.15ന് ശ്രീനാഥ് ഭാസി എത്തി. ബാംഗ്ളൂരിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്ന് ഷൈൻ ടോം ചാക്കോ അറിയിച്ചു. അതിനാൽ ഒരുമണിക്കൂർ കൊണ്ട് മടക്കിയയക്കണം എന്നാണ് ആവശ്യം.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലീമ സുൽത്താന് (41) നടന്മാരുമായും മോഡൽ സൗമ്യയുമായും ബന്ധമുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇവർ തമ്മിൽ കഞ്ചാവിടപാട് നടത്തിയെന്ന് കണ്ടെത്താൻ സാധിച്ചില്ല. ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യൽ. ആലപ്പുഴയിൽ കഞ്ചാവ് എത്തിച്ചത് ഒരു പ്രധാന നടനുവേണ്ടിയാണെന്ന് ഷൈൻ മുൻപ് പറഞ്ഞതായി വിവരമുണ്ട്. ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കാനാണ് വിളിച്ചുവരുത്തിയത് എന്നാണ് സൂചന. തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാകും നടന്മാരെയടക്കം ചോദ്യം ചെയ്യുക.കഞ്ചാവ് കടത്ത് കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പ്രതിചേർക്കും.
അതേസമയം റിയാലിറ്റി ഷോ താരം ജിന്റോ, സിനിമാ നിർമ്മാതാക്കളുടെ സഹായിയായ യുവാവ് എന്നിവരോട് നാളെ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ നാളെ ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |