വാഷിംഗ്‌ടൺ: ഇളയമകളുടെ പുതിയ ബിസിനസ് സംരംഭത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ്. മകൾ ഫീബി ഗേറ്റ്‌സിന്റെ സ്വഭാവ സവിശേഷതകളും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ബിൽ ഗേറ്റ്സിന്റെ സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് പറഞ്ഞത്. മകൾ ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി സ്വന്തമായി പണം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
'അവളുടെ ബിസിനസിന് പണം നൽകാതിരിക്കാൻ ഞാൻ മനഃപൂർവം തീരുമാനമെടുത്തിരുന്നു. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് മാർഗ നിർദ്ദേശം നൽകിയിരുന്നു. ഫണ്ടിംഗ് പോലുള്ള കാര്യങ്ങളിൽ മാർഗ നിർദേശം നൽകാനും മറ്റുള്ളവരെ നിയോഗിച്ചു. അവളുടെ ബിസിനസുകളെ അവലോകനം ചെയ്യുകയും ഉണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഭാഗ്യവശാൽ ഞാൻ പ്രതീക്ഷച്ചുതുപോലെ അവൾ തളർന്നില്ല. കൂടുതൽ ഉപദേശങ്ങൾക്കായി ഫീബി എന്നെ സമീപിച്ചിരുന്നു'- ബിൽ ഗേറ്റ്സ് പറഞ്ഞു.
അടുത്തിടെയാണ് 22കാരിയായ ഫീബി ഗേറ്റ്സ്, 'ഫിയ' എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചത്. 40,000ൽ അധികം വെബ്സൈറ്റുകളിലായി വ്യാപിച്ച് കിടക്കുന്ന ഒരു ഡിജിറ്റൽ എഐ ഫാഷൻ പ്ലാറ്റ്ഫോമാണ് ഫിയ. വസ്ത്രരംഗത്തുളള പുതിയ ഫാഷനുകൾ ഉപഭോക്താക്കൾക്കിടയിലേക്കെത്തിക്കാനും കൂടുതൽ അവബോധം നൽകുവാനും വേണ്ടിയുളള ഒരു പ്ലാറ്റ്ഫോമാണിത്. സുഹൃത്ത് സോഫിയ കിയാനുമായി സഹകരിച്ചാണ് ഫീബി സംരംഭം ആരംഭിച്ചത്. ഈ പ്ലാറ്റ്ഫോം സെക്കന്റ് ഹാൻഡ് ഷോപ്പിംഗും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം സ്റ്റാൻഫോർഡിൽ നിന്ന് ബിരുദം നേടിയ ഫീബി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിൽ നിന്നും ഏഞ്ചൽ നിക്ഷേപകരിൽ നിന്നും 500,000 ഡോളർ ലാഭം നേടിയിരുന്നു. ഇതോടെ ബിസിനസ് രംഗത്ത് ശോഭിക്കാൻ സാധിക്കുമെന്നും അവർ തെളിയിച്ചിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നതിന് തന്റെ പിതാവ് ഹാർവാർഡിൽ നിന്ന് പഠനം ഉപേക്ഷിച്ചത് പോലെ താൻ ചെയ്യില്ലെന്ന് ഫീബി പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ബിൽ ഗേറ്റ്സിന് ഫീബിയെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്. ജെന്നിഫർ ഗേറ്റ്സ്, റോറി ജോൺ ഗേറ്റ്സ് എന്നിവരാണ് അവർ.
തന്റെ സമ്പത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമായിരിക്കും മക്കൾക്ക് കൈമാറുകയെന്ന് ബിൽ ഗേറ്റ്സ് അടുത്തിടെ പറഞ്ഞിരുന്നു. പാരമ്പര്യ സ്വത്തിനെ ആശ്രയിക്കാതെ തങ്ങൾക്ക് വേണ്ടതെല്ലാം സ്വയം സമ്പാദിക്കാൻ മക്കളെ പ്രാപ്തരാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമനി എന്ന പോഡ്കാസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |