തിരുവനന്തപുരം: ദൂരയാത്രകള്‍ക്ക് കെഎസ്ആര്‍ടിസി ബസിനെ പലരും ആശ്രയിക്കാന്‍ മടിക്കുന്നതിന് കാരണം ആവശ്യത്തിന് എ.സി ബസുകള്‍ ഇല്ലെന്നതാണ്. ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി. സൂപ്പര്‍ഫാസ്റ്റ് ബസുകളെ എ.സി ബസുകളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ചാലക്കുടി വര്‍ക് ഷോപ്പില്‍ പുരോഗമിക്കുകയാണ്. വേനല്‍ക്കൂടി ആയതിനാല്‍ യാത്രക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസം പകരുമെന്ന പ്രതീക്ഷയിലാണ് അധികൃതരുടെ നീക്കം.
കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകളാണ് സൂപ്പര്‍ ഫാസ്റ്റുകളാക്കി രൂപമാറ്റം വരുത്തുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കാണ് ഈ ബസിന്റെ ആദ്യ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ബസുകളിലെ നിലവിലുള്ള നിരക്കുകളേക്കാള്‍ പത്ത് ശതമാനം അധിക നിരക്ക് ഈടാക്കുമെങ്കിലും എ.സി ലോ ഫ്‌ളോര്‍ ബസുകളേക്കാള്‍ നിരക്ക് കുറവായിരിക്കും ടിക്കറ്റുകള്‍ക്ക് എന്നാണ് വിവരം.
പുതിയതായി ആരംഭിക്കുന്ന ബസ് സര്‍വീസ് ഹിറ്റായി മാറുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ ഇതേ മാതൃകയില്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യാന്‍ 40 ബസുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെ എ.സി ആക്കി രൂപമാറ്റം വരുത്തുന്നതിന് ആറ് ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിയുടെ ചെലവായി വരുന്നത്.
തിരുവനന്തപുരം - കൊച്ചി സര്‍വീസ് രാവിലെ എട്ട് മണിക്ക് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, വൈറ്റില ഹബ് വഴി ഉച്ചയോടെ എറണാകുളത്ത് എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. വൈകുന്നേരം 4.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.45ന് ആയിരിക്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരികെ എത്തുന്നത്. എല്ലാ ദിവസവും സര്‍വീസുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |