കൻസാസ് സിറ്റി: അഗ്നിശമനസേനാ പാരാമെഡിക്കൽ ഉദ്യോഗസ്ഥനെ രോഗി കുത്തിക്കൊന്നു. യുഎസിലെ കൻസാസ് സിറ്റിയിൽ ഇന്നലെയാണ് സംഭവം നടന്നത്. 29കാരനായ ഗ്രഹാം ഹോഫ്മാനാണ് മരിച്ചത്. രോഗിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ആക്രമണം ഉണ്ടായത്.
ഷാനറ്റ ബോസെൽ എന്ന 38കാരിയാണ് യുവാവിനെ കുത്തിയത്. നെഞ്ചിന്റെ ഭാഗത്താണ് കുത്തേറ്റത്. ഗ്രഹാമിന്റെ ഹൃദയത്തിൽ കത്തി തുളച്ചുകയറിയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാനറ്റയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചയാണ് കെെയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ ഹെെവേയിൽ 38കാരിയെ കണ്ടത്. തുടർന്ന് ഗ്രഹാമും സംഘവും ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിൽ കയറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ഷാനറ്റ കത്തി കൊണ്ട് ഗ്രഹാമിനെ കുത്തുകയായിരുന്നു. മുൻപ് പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചതിന് ഷാനറ്റയ്ക്കെതിരെ കേസെടുത്തിയിരുന്നു. 2022 മുതൽ കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ അംഗമാണ് ഗ്രഹാം ഹോഫ്മാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |