കൊല്ലം: ലഹരി പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ അമ്മയും മകളും അറസ്റ്റിൽ. കൊല്ലം അഞ്ചൽ കരുകോൺ സ്വദേശികളായ സൻസ (49), മകൾ നജുമ (19) എന്നിവരെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ പ്രതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒട്ടേറെ കഞ്ചാവ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച കരുകോൺ സ്വദേശി ഷാഹിദയുടെ വീട്ടിൽ ഡാൻസാഫും വനിതാ പൊലീസുമടങ്ങിയ സംഘം കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയിരുന്നു. ഇതിനിടെ ഷാഹിദയുടെ മകൾ സൻസയും കൊച്ചുമകൾ നജുമയും ചേർന്ന് പൊലീസിനെ തടയുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് കേസ്. ഡാൻസാഫ് എസ് ഐ ബാലാജി, സിവിൽ പൊലീസ് ഓഫീസർ ആദർശ്, വനിതാ പൊലീസ് ഉദ്യോഗസ്ഥയായ നിഷ എന്നിവർക്കാണ് മർദ്ദനമേറ്റത്.
സംഭവസ്ഥലത്ത് കൂടുതൽ പൊലീസ് എത്തുന്നതിനിടെ പ്രതികൾ രക്ഷപ്പെട്ടു. ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 46 ഗ്രാം കഞ്ചാവും 1,64,855 രൂപയും കണ്ടെടുത്തു. പിന്നാലെ പ്രതികളെ പിടികൂടാനായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ കണ്ട് സൻസയും നജുമയും വീടിന്റെ കതക് അടയ്ക്കുകയും വിഷം കഴിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബലപ്രയോഗത്തിലൂടെ വീട്ടിൽ കടന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |