ശ്രീനഗർ: പാകിസ്ഥാൻ പൗരൻമാരാണെന്ന് സംശയിക്കുന്ന ഒരു കുടുംബത്തിലെ നാല് പേരെ നാടുകടത്തുന്ന നടപടി തടഞ്ഞ് ജമ്മു കാശ്മീർ ഹൈക്കോടതി. നാല് പേരിൽ ഒരാൾ ഇന്ത്യൻ റിസർവ് പൊലീസ് (ഐആർപി) സേനയിലെ കോൺസ്റ്റബിളാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പൗരൻമാരുടെ വിസ കേന്ദ്ര സർക്കാർ താൽക്കാലികമായി റദ്ദാക്കുകയും അവരെ നാടുകടത്തുകയും ചെയ്യുന്ന നടപടിയായിരുന്നു ഇന്ത്യ സ്വീകരിച്ച് വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് പേർ കോടതിയെ സമീപിക്കുകയായിരുന്നു.
നാല് പേരും ജമ്മുകാശ്മീരിലെ പൂഞ്ച് സ്വദേശികളാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ജസ്റ്റിസ് രാഹുൽ ഭാരതിയാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാർ റവന്യൂ രേഖകളും പൊലീസ് സർവീസ് രേഖകളും കോടതിക്ക് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ ഇവരെ നാടുകടത്താനുളള തീരുമാനം കോടതി ഇടപെട്ട് താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. തങ്ങൾ വർഷങ്ങളായി ഇന്ത്യയിലാണ് സ്ഥിരതാമസമെന്നും 2014 മുതലുള്ള റവന്യൂ രേഖകൾ കൈവശമുണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കി. പാകിസ്ഥാൻ പൗരൻമാരാണെന്ന് ആരോപിച്ച് തെറ്റായി ലക്ഷ്യം വച്ചിരിക്കുകയാണെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ കോടതിയോട് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഇനിയും മടങ്ങാത്ത പാകിസ്ഥാൻ പൗരൻമാർക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ ഒമ്പത് നയതന്ത്ര ഉദ്യോഗസ്ഥർ അടക്കം 537 പാകിസ്ഥാനികളെ അട്ടാരി അതിർത്തി വഴി നാടുകടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |