ന്യൂഡൽഹി: രാജസ്ഥാനിലെ ഇന്ത്യ - പാക് അതിർത്തിയിൽ നിന്ന് പിടികൂടിയ പാക് റേഞ്ചേഴ്സ് സൈനികനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ. എന്നാൽ സൈനികനെ അറസ്റ്റ് ചെയ്തതിൽ ബിഎസ്‌എഫ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പാകിസ്ഥാനിലെ ബഹാവർപുർ സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. പാക് സൈനികൻ പിടിയിലായതിന് പിന്നാലെ രാജസ്ഥാൻ അതിർത്തിയിൽ ജാഗ്രത ശക്തമാക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കവെയാണ് സൈനികനെ പിടികൂടിയതെന്നാണ് വിവരം.
അതേസമയം, അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇന്ത്യൻ ബിഎസ്‌എഫ് ജവാനെ വിട്ടയക്കാൻ പാകിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശി പൂർണം കുമാർ ഷാ ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ളത്. പാകിസ്ഥാനുമായി ഫ്ളാഗ് മീറ്റിംഗ് നടത്തിയിട്ടും ബിഎസ്‌എഫ് ജവാന്റെ മോചനത്തിൽ തീരുമാനമായില്ല. അബദ്ധത്തിൽ അതിർത്തി കടന്ന ജവാനെ ഇന്ത്യയുടെ തിരിച്ചടി പ്രതിരോധിക്കാൻ പാകിസ്ഥാൻ ഉപയോഗിക്കുകയാണെന്നാണ് വിലയിരുത്തൽ.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകുന്നതിന്റെ ഭാഗമായി പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും ഇന്ത്യ പൂർണമായി നിരോധിച്ചു. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും പാകിസ്ഥാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്. പാകിസ്ഥാൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശനമില്ല. കത്തും പാഴ്സലും അടക്കം നിരോധിച്ചു. ഇന്ത്യൻ കപ്പലുകൾ പാകിസ്ഥാനിൽ പോകുന്നതും വിലക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |