ചോറ്റാനിക്കര: ആൺ സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി പോക്സോ കേസ് അതിജീവിത മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 120 പേജുള്ള കുറ്റപത്രമാണ് ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ആൺസുഹൃത്തായിരുന്ന അനൂപിനെതിരെ ബലാത്സംഗം, കുറ്റകരമായ നരഹത്യ, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പെൺകുട്ടിയെ മർദ്ദിക്കാനുപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷോൾ എന്നിവ തെളിവുകളായി പൊലീസ് സമർപ്പിച്ചു. സംഭവദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും നിർണായകമായെന്ന് പൊലീസ് വ്യക്തമാക്കി.
ജനുവരി 26നാണ് പോക്‌സോ അതിജീവിതയെ വീടിനുള്ളിൽ ബോധരഹിതയായി കണ്ടെത്തിയത്. ആറ് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ പെൺകുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. . കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയായ അനൂപിന് ഒരു വർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. പെൺകുട്ടിക്ക് അമ്മ മാത്രമേയുള്ളൂ. കാക്കനാട് എക്സ് സർവീസുകാരുടെ വിധവകൾക്കുള്ള ഫ്ളാറ്റിലായിരുന്നു താമസം.
രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ അനൂപ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആത്മഹത്യാഭീഷണി മുഴക്കിയ പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ `പോയി ചത്തോ' എന്ന് പറഞ്ഞു. ഫാനിൽ തൂങ്ങിയപ്പോൾ അനൂപ് ഷാൾ മുറിച്ചിട്ടു. താഴെ വീണപ്പോൾ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായത്. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അനൂപിന് ഇഷ്ടമല്ലായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാലാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. വാതിൽ തുറന്നയുടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു.
കഴുത്തിൽ ഷാൾ മുറുകിയത് മൂലമുണ്ടായ മസ്‌തിഷ്‌ക മരണമാണ് സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പെൺകുട്ടി ലൈംഗികാതിക്രം നേരിട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |