സൂര്യയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന തമിഴ് ചിത്രം കാപ്പാനും ദുൽഖറും സോനം കപൂറും ജോടികളാകുന്ന ഹിന്ദി ചിത്രം ദ സോയാ ഫാക്ടറും ഒരേ ദിവസം തിയേറ്ററുകളിലെത്തും.സെപ്തംബർ ഇരുപതിനാണ് ഇരു ചിത്രങ്ങളും ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.
നാല് വർഷത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാപ്പാൻ. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയെയാണ് മോഹൻലാൽ കാപ്പാനിൽ അവതരിപ്പിക്കുന്നത്. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ കെ.വി. ആനന്ദും സൂര്യയും ഒന്നിക്കുന്ന കാപ്പാനിൽ സായേഷയാണ് നായിക. മോഹൻലാലിന്റെ മകനായി ആര്യ അഭിനയിക്കുന്നു.
ബോമൻ ഇറാനി, സമുദ്രക്കനി, പ്രേം, തലൈവാസൽ വിജയ്, ശങ്കർ കൃഷ്ണമൂർത്തി, ഷംനാ കാസിം എന്നിവരാണ് കാപ്പാനിലെ മറ്റ് താരങ്ങൾ. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ് കരൻ നിർമ്മിക്കുന്ന കാപ്പാൻ അമേരിക്ക, ഇംഗ്ളണ്ട്, ബ്രസീൽ, റഷ്യ, ഇന്തോനേഷ്യ, കുളുമണാലി, പഞ്ചാബ്, തഞ്ചാവൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
എം.എസ്. പ്രഭു ഛായാഗ്രഹണവും ഹാരിസ് ജയരാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ എന്നിവരാണ് സംഘട്ടന സംവിധായകർ.ബന്തോബസ്ത് എന്ന പേരിൽ തെലുങ്കിൽ ഡബ് ചെയ്യുന്ന ചിത്രം കേരളത്തിൽ ഇരുന്നൂറിലധികം കേന്ദ്രങ്ങളിൽ റിലീസ് ചെയ്യും.
അനൂജ ചൗഹാന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ സോയാ ഫാക്ടർ.ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. സോനം കപൂറും സഞ്ജയ് കപൂറുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ശങ്കർ - എഹ്മസാൻ ലോയ് ആണ്. ഇന്ദ്രജിത്ത് ശർമ്മയും പരീക്ഷിത്ത് ശർമ്മയും ചേർന്നാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം : മനോജ് ലോബോ.