ബംഗളൂരു: പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ കുട്ടിയുടെ ഭാവി പോയെന്ന് കരുതുന്നവർക്ക് മാതൃകയാണ് കർണാടകയിലെ ചോളച്ചഗുഡ്ഡയിലെ രക്ഷിതാക്കൾ. ദമ്പതികളുടെ മകൻ അഭിഷേകിന്റെ പത്താം ക്ലാസ് പരീക്ഷഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബസവേശ്വർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന അഭിഷേകിന് 600ൽ വെറും 200 മാർക്ക് മാത്രമാണ് സ്‌കോർ ചെയ്യാൻ സാധിച്ചത്. ഇതോടെ അഭിഷേക് പരീക്ഷ തോറ്റു. എന്നാൽ തോൽവിയിൽ അഭിഷേകിനെ വഴക്ക് പറയാനോ അകറ്റി നിർത്താനോ കുടുംബം തയ്യാറായില്ല.
പത്താം ക്ലാസ് പരീക്ഷയിൽ തോറ്റാൽ ലോകം അവസാനിക്കില്ലെന്ന് മനസിലാക്കിയ രക്ഷിതാക്കൾ ആ തോൽവി മകനോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. തോൽവിയിൽ സുഹൃത്തുക്കളും സഹപാഠികളും കളിയാക്കിയെങ്കിലും രക്ഷിതാക്കൾ അഭിഷേകിന്റെ കൂടെ നിന്നു. മകൻ പരീക്ഷയിൽ പരാജയപ്പെട്ടിട്ടുണ്ടാകും എന്നാൽ ജീവിതത്തിൽ അങ്ങനെയല്ലെന്ന് മതാപിതാക്കൾ പറഞ്ഞു. ജീവിതത്തിൽ താൻ തോറ്റുപോയിട്ടില്ലെന്നും കുടുംബത്തിന്റെ പിന്തുണ തന്റെ കൂടെയുണ്ടെന്ന് അഭിഷേക് പറഞ്ഞു. പരീക്ഷ വീണ്ടും എഴുതി ജയിക്കുമെന്നും ജീവിതത്തിൽ വിജയിച്ചവനാകുമെന്നും അഭിഷേകും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |