തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗ് ചടങ്ങിനുശേഷം മടങ്ങവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 'കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദിയെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം മറുപടി ചിരിയിലൊതുക്കി. എന്തുകൊണ്ടാണ് ചിരിയിലൊതുക്കിയതെന്ന് എല്ലാവർക്കുമറിയാം. സഹായിക്കേണ്ടവർ നമ്മളെ ദ്രോഹിക്കുന്ന സാഹചര്യമാണുള്ളത്'- മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ല എന്നുകരുതിയ പലതും കൺമുന്നിൽ യാഥാർത്ഥ്യമായി. ഒന്നും നടക്കില്ല എന്നതിനാണ് മാറ്റം സംഭവിച്ചത്. സംയുക്ത പദ്ധതികളിൽ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളത്. 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിന്റെ അഭിമാന പദ്ധതി രാജ്യത്തിന് സമർപ്പിച്ച ശേഷം മലയാളത്തിൽ മോദി പ്രസംഗിച്ചിരുന്നു. കേരളത്തിൽ വീണ്ടും എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |