തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ വെട്ടിക്കൊന്ന് തീയിട്ട കേഡൽ ജീൻസൺ രാജയുടെ ശിക്ഷ വ്യാഴാഴ്‌ച വിധിക്കും. നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൽസ് കോമ്പൗണ്ടിൽ റിട്ടയേർഡ് പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
എം.ബി.ബി.എസ് ബിരുദധാരിയായ കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ ആകൃഷ്ടനായാണ് കൃത്യം നടത്തിയത്. 2017ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. വിദേശത്ത് മെഡിസിൻ പഠനത്തിനിടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ ആകൃഷ്ടനായത്. കൊലയ്‌ക്ക് മുൻപ് പ്രതി മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുവിനും കീടനാശിനി കലർത്തിയ ഭക്ഷണം നൽകിയിരുന്നു. തുടർന്ന് ഛർദ്ദിച്ച് തളർന്ന ഇവരെ വെട്ടിക്കൊന്ന ശേഷം വീട്ടിലിട്ട് കത്തിക്കുകയായിരുന്നു. കൊലയ്‌ക്കുള്ള മഴു ഓൺലൈനായാണ് വാങ്ങിയത്.
സംഭവ ശേഷം ചെന്നൈയിലേക്ക് പോയ കേഡൽ പത്രങ്ങളിൽ തന്റെ ചിത്രം വന്നതിനു പിന്നാലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്. മനോരോഗിയായ തന്നെ വെറുതേവിടണമെന്ന പ്രതിയുടെ ഹർജി കോടതി തള്ളിയിരുന്നു. പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപ്പെടുത്തലിനെ തുടർന്നാണ് കേസ് വിചാരണയ്ക്കെടുത്തത്. വിചാരണ നേരിടാൻ പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയിരുന്നു.
പൈശാചികമായ കൂട്ടക്കൊലയ്ക്ക് ശേഷവും പുഞ്ചിരിയോടെയാണ് കേഡൽ തെളിവെടുപ്പിനെത്തിയത്. കേഡൽ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |