കണ്ണൂർ: കരിവളളൂരിൽ നവവധുവിന്റെ നഷ്ടപ്പെട്ട 30 പവൻ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീടിന് സമീപം സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ ആർച്ച സുധിയുടെ വിവാഹഭരണങ്ങളാണ് കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴി എടുക്കാനായി എത്തിയ പൊലീസ് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുവതിയുടെ വിവാഹം. അടുത്ത ദിവസം ബന്ധുക്കളെ കാണിക്കാൻ ആഭരണം എടുത്തപ്പോഴാണ് മോഷണം പോയെന്ന് മനസിലായത്. നാല് പെട്ടികളിലായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വിരലടയാള വിദഗ്ധരും പൊലീസും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വിവാഹദിനത്തിലോ, തൊട്ടടുത്ത ദിവസമോ ആണ് മോഷണം നടന്നതെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നത്.
നഷ്ടപ്പെട്ട ആഭരണങ്ങൾക്ക് 20 ലക്ഷം രൂപയോളം വില വരും. അലമാരയോ വാതിലോ തകർത്ത ലക്ഷണമില്ലായിരുന്നു. നഷ്ടപ്പെട്ട സ്വർണം മുഴുവനും തിരികെ കിട്ടിയെന്നാണ് വിവരം.കവർച്ച നടത്തിയത് പ്രൊഫഷണൽ സംഘം അല്ലെന്ന കണ്ടെത്തലിലായിരുന്നു പൊലീസ്. വീടുമായി അടുത്ത ബന്ധം പുലർത്തുന്ന ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പലിയേരിയിലെ കെഎസ്ഇബി മുൻ ഓവർസിയർ ചൂരക്കാട്ട് മനോഹരന്റെ വീട്ടിലാണ് സംഭവം. മനോഹരന്റെ മകൻ എ.കെ. അർജുനാണ് ആർച്ചയുടെ ഭർത്താവ്. അർജുനും ആർച്ചയും തിരുവനന്തപുരത്ത് ഐടി ജോലിക്കാരാണ്. വജ്രാഭരണങ്ങളും പണവും രണ്ട് ബാഗുകളിലായുണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |