SignIn
Kerala Kaumudi Online
Tuesday, 10 December 2019 2.21 PM IST

പമ്പയിൽ കോൺക്രീറ്റ് തൂണുകൾ തകർത്ത സംഭവത്തിൽ ദുരൂഹത: വനംമന്ത്രിക്ക് ധിക്കാരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

waterkiyosk
പമ്പയിൽ ദേവസ്വം ബോർഡ് നിർമിക്കുന്ന വാട്ടർ കിയോസ്കിന്റെ കോൺക്രീറ്റ് തൂണുകൾ തകർത്ത നിലയിൽ

പത്തനംതിട്ട: പമ്പയിൽ ദേവസ്വം ബോർഡ് നിർമ്മിക്കുന്ന വാട്ടർ കിയോസ്കുകളുടെ കോൺക്രീറ്റ് തൂണുകൾ തകർത്തതിനെ തുടർന്ന് വനംവകുപ്പുമായി വീണ്ടും ബോർ‌ഡ് ഏറ്റുമുട്ടലിലേയ്ക്ക്. തൂണുകൾ തകർത്തത് വനംവകുപ്പാണെന്ന് ആരോപിച്ച് ബോർഡ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. വിഷയം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പമ്പ സി.ഐയ്ക്കും പരാതി നൽകി. ഹൈക്കോടതിയിലും അറിയിക്കും.

ശബരിമലയിലെ ബോർഡിന്റെ നിർമ്മാണ പ്രവർത്തനത്തിന് വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരിൽ ഇരുവിഭാഗവും ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൂണുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. അതേസമയം, തൂണുകൾ തകർത്തത് തങ്ങളാണെന്ന ആരോപണം വനംവകുപ്പ് നിഷേധിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ട്. തീർത്ഥാടന കാലത്ത് കടകൾക്കായി വിട്ടുനൽകിയ സ്ഥലത്ത് കോൺക്രീറ്റ് നിർമ്മാണം നടത്തുന്നതിനോട് നേരത്തെ എതിർപ്പ് അറിയിച്ചിരുന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.

പമ്പയിൽ നിന്ന് വനത്തിനുള്ളിലൂടെ സന്നിധാനത്തേക്ക് റോപ് വേ നിർമ്മിക്കുന്നതടക്കം വലിയ പദ്ധതികൾ വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരിൽ മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ പ്രളയ കാലത്ത് പമ്പയിൽ അടിഞ്ഞുകൂടിയ മണൽ ദേവസ്വം ബോർഡിന്റെ നിർമ്മാണങ്ങൾക്ക് സൗജന്യമായി വിട്ടുനൽകണമെന്ന മന്ത്രിസഭാ തീരുമാനവും നടപ്പായില്ല. പാസുമായി ചെന്നിട്ടും വനപാലകർ മണൽ വിട്ടുകൊടുത്തില്ലെന്ന് ദേവസ്വം ബോർഡ് ആരോപിച്ചിരുന്നു. ഇൗ വർഷത്തെ മഴയിൽ പമ്പയിലെ എഴുപത് ശതമാനത്തോളം മണൽ നദിയിലേക്ക് ഒലിച്ചുപോകുകയും ചെയ്തു.

വനംമന്ത്രിക്ക് ധിക്കാരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വനംവകുപ്പ് മന്ത്രി കെ.രാജു പങ്കെടുക്കാതിരുന്നത് ധിക്കാരപരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെല്ലാം വനംവകുപ്പ് തടസം നിൽക്കുകയാണ്. ഒടുവിലത്തെ ഉദാഹരണമാണ് പമ്പയിൽ വാട്ടർ കിയോസ്കിന്റെ കോൺക്രീറ്റ് തൂണുകൾ തകർത്തത്. ശബരിമലയെ പൂർണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പത്മകുമാർ പറഞ്ഞു.

ബോർഡിന്റെ ഇഷ്ടത്തിന് കാര്യങ്ങൾ നടത്താൻ കഴിയില്ലെന്ന് മന്ത്രി

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ഇഷ്ടാനുസരണം കാര്യങ്ങൾ നടത്തിക്കൊടുക്കാൻ കഴിയില്ലെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോൺക്രീറ്റ് തൂണുകൾ തകർത്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷിക്കും. ശബരിമലയിൽ നിയമാനുസൃത നിർമ്മാണങ്ങൾ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ പങ്കെടുക്കാതിരുന്നത് അറിയിപ്പ് കിട്ടാത്തതുകൊണ്ടണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA, SABARIMALA TEMPLE, DEVASWOM BOARD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.