ആലപ്പുഴ: ഹൗസ് ബോട്ടിലും ശിക്കാരയിലും ചുറ്റിക്കറങ്ങി കായൽക്കാഴ്ചകളും ആലപ്പുഴയുടെ ഉൾനാടൻ ഗ്രാമീണ ജീവിതവും ആസ്വദിക്കാൻ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട. കുറഞ്ഞ ചെലവിൽ അടിപൊളിയായി കുട്ടനാട്ടിൽ കറങ്ങാനും കാഴ്ചകളും കലാരൂപങ്ങളും ആസ്വദിക്കാനും സോളാർ ടൂറിസ്റ്റ് ബോട്ടുമായി കായലിൽ സവാരി ഗിരിഗിരി ഒരുക്കാനാണ് ജലഗതാഗത വകുപ്പിന്റെ പദ്ധതി. 'കുട്ടനാട് സഫാരി'യെന്ന പേരിൽ എ.സി, നോൺ എ.സി സൗകര്യമുള്ള സോളാർ ബോട്ട് അടുത്ത മാസം നീറ്റിലിറങ്ങും.
വേഗയ്ക്ക് പിന്നാലെ കായൽക്കാഴ്ചകളിലുപരി കാലവർഷത്തിൽ കുട്ടനാടിന്റെ മഴക്കാഴ്ചകൾ കണ്ടുതുടങ്ങുന്ന സഫാരിയുടെ യാത്ര, പിന്നാലെയെത്തുന്ന പുതിയ ടൂറിസ്റ്റ് സീസണിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമാകും വിധം ജനകീയമാക്കുകയാണ് ജലഗതാഗത വകുപ്പിന്റെ ലക്ഷ്യം. പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ എന്ന തരത്തിലാണ് റൂട്ട് പ്ളാൻ ചെയ്തിരിക്കുന്നത്.
സോളാർ ബോട്ട് അടുത്ത മാസം
1.കുട്ടനാടൻ നെൽപാടങ്ങളും പച്ച പുതച്ച ഗ്രാമീണ കാഴ്ചകളും ഫാം ഹൗസുകളും കളിസ്ഥലങ്ങളും പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കൺകുളിർക്കെ കണ്ട് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനൊപ്പം സ്ഥലങ്ങളുടെ ചരിത്രവും പൈതൃകവും സംബന്ധിച്ച വിവരണവും ബോട്ടിലുണ്ടാകും
2.ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണമടക്കമുള്ള കായൽ യാത്ര സാദ്ധ്യമാക്കുന്നതിലൂടെ സീ കുട്ടനാട്, വേഗ ബോട്ടുകൾക്ക് പുറമേ ടൂറിസം രംഗത്ത് വലിയ മുതൽക്കൂട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ജലഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ.
3.സീ കുട്ടനാട് സർവീസുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതിനൊപ്പം ഭക്ഷണത്തിനുള്ള നിരക്കും താരതമ്യേന കുറവായിരിക്കും. രാവിലെ 10.30ന് ആലപ്പുഴയിൽ നിന്നാരംഭിക്കുന്ന സർവീസിൽ 11 മണിയോടെ നാട്ടിൻപുറത്തെ ചായക്കടയിലായിരിക്കും പ്രഭാത ഭക്ഷണം
4. ആർ. ബ്ളോക്കിലെ കള്ള് ഷാപ്പിലാണ് ഉച്ചയൂണ്. മീൻ കറി ഊണിനൊപ്പം അധിക പണം നൽകി സെപ്ഷ്യലുകളും ആസ്വദിക്കാം. പാതിരാമണണലിൽ വൈകുന്നേരത്തെ ചായയ്ക്കും ചെറുകടിക്കുമൊപ്പം നാടൻ കലാരൂപങ്ങളും ആസ്വദിക്കാം. വൈകിട്ട് 6മണിയോടെ ആലപ്പുഴയിൽ തിരിച്ചെത്തും
സൗകര്യങ്ങൾ
#30 മുതൽ 35 വരെ സീറ്റുകൾ
#ഭിന്നശേഷി സൗഹൃദം
# കുറഞ്ഞ നിരക്ക്
# വിനോദയാത്രയ്ക്കുള്ള സൗകര്യങ്ങൾ
# ഫോട്ടോ, വീഡിയോ ഷൂട്ടിന് സൗകര്യം
#അധികചാർജ്ജിൽ എ.സിയിലും യാത്രചെയ്യാം
ഭക്ഷണത്തിനായി ചായക്കടയും കള്ള് ഷാപ്പുമായി ധാരണയുണ്ടാക്കണം. പാതിരാമണലിൽ സ്റ്റേജും ഓലപ്പന്തലും സജ്ജമാക്കണം. ഈ കാര്യങ്ങളിൽ ധാരണയിലെത്തിയാൽ ഈമാസം അവസാനത്തോടെ ബോട്ട് ആലപ്പുഴയിലെത്തിച്ച് ജൂണിൽ സർവീസ് ആരംഭിക്കാനാണ് നീക്കം
- ഷാജി വി .നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |