ഒരു വ്യക്തിയുടെ സ്വഭാവം, സമൂഹത്തിനോടും കുടുംബത്തിനോടുമുളള ഉത്തരവാദിത്തം, സഹജീവികളോടുളള കരുതൽ തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ വളർത്തിയെടുക്കാൻ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ മാനുഷിക മൂല്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പാഠപുസ്തകങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാകിസ്ഥാനിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. സഹജീവികളോട് സ്‌നേഹവും കരുണയും ഉണ്ടാകണമെന്ന് പാഠം കുട്ടികളിലേക്കെത്തിക്കുന്നതിന് പകരം വെറുപ്പും പ്രതികാരവുമാണ് നിറയ്ക്കുന്നത്.
ഇന്ത്യക്കാർ തെറ്റുകാരാണ്, ഇന്ത്യയിലുളളവർ മുസ്ലീം വിഭാഗത്തെ അടിച്ചമർത്തുകയാണ് തുടങ്ങിയ ആശയങ്ങളാണ് പാകിസ്ഥാനിലെ കുട്ടികളെ പഠിപ്പിക്കുന്നത്. പാഠപുസ്തകങ്ങളിൽ പോലും ഇന്ത്യാ വിരുദ്ധ വികാരമാണ് വളർത്തുന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യയോടുളള പാകിസ്ഥാന്റെ നിലപാട് അണുവിട മാറാത്തതിനുളള കാരണം ഒരു പരിധിവരെ ഇതുതന്നെയാണ്. ഏപ്രിൽ 22ന് ജമ്മുകാശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണവും അതിർത്തികളിലുളള വെടിനിർത്തൽ കരാറിന്റെ തുടർച്ചയായ ലംഘനവുമെല്ലാം അതിന് ഉദാഹരണങ്ങളാണ്.
നിരപരാധികളായ 26 പേരുടെ ജീവനാണ് ഒറ്റദിവസം കൊണ്ട് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതിനെതിരെ ശക്തമായി ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ആഞ്ഞടിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ജമ്മുകാശ്മീരിനെ അവരുടെ കഴുത്തിലെ സിര എന്നാണ് വിളിച്ചത്. പാകിസ്ഥാനിലെ കുഞ്ഞുതലമുറയും ഇത് തന്നെയാണ് പഠിക്കുന്നത്.
ജമ്മുകാശ്മീർ പ്രതിസന്ധി
തങ്ങളുടെ അധികാരത്തെ അസ്വസ്ഥതപ്പെടുത്തുന്ന രാജ്യമായിട്ടാണ് ഇന്ത്യയെ, പാകിസ്ഥാൻ പാഠപുസ്തകങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകങ്ങളിൽ പരാമർശിക്കുന്ന ചരിത്രം പരിശോധിക്കുമ്പോൾ പാകിസ്ഥാൻ ഔറംഗസേബിനെ വീരപുരുഷനായി കാണുന്നു. സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിക്ക് യാതൊരു സ്ഥാനവും നൽകുന്നില്ല. പാകിസ്ഥാനിലെ നാഷണൽ ബുക്ക് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച എട്ട്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളിലാണ് കൂടുതലും ഇന്ത്യാ വിരുദ്ധ വികാരം പ്രചരിപ്പിച്ചിരിക്കുന്നതായി ഒരു മാദ്ധ്യമം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായുളള പ്രശ്നങ്ങളിലെ പ്രധാന ഘടകം ജമ്മുകാശ്മീരാണ്. ഹിന്ദുക്കളും സിഖുക്കാരുമാണ് ജമ്മുകാശ്മീർ പ്രശ്നങ്ങൾ മുസ്ലീം വിഭാഗത്തിനെതിരെ ഉണ്ടാക്കിയതെന്നാണ് പുസ്തകങ്ങളിൽ വിശദീകരിക്കുന്നത്. 1947ൽ ബ്രീട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും വിഭജിച്ചാണ് ബ്രിട്ടീഷുകാർ മടങ്ങിയത്. ജമ്മുകാശ്മീരിനെ ഇന്ത്യയോട് ലയിപ്പിക്കാൻ ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും മൗണ്ട് ബാറ്റൺ പ്രഭുവും കാശ്മീരിലെ രാജാവിനോട് ആവശ്യപ്പെട്ടു. ഈ സമയത്ത് പഞ്ചാബ് അതിർത്തി,പൂഞ്ച്, മറ്റ് ജമ്മു പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന മുസ്ലീങ്ങളെ രാജാവ് പ്രതിരോധിച്ചു, ഹിന്ദുക്കൾ മുസ്ലീം ജനതയെ തകർക്കാൻ ശ്രമിച്ചു, ജമ്മു കാശ്മീരിൽ നിന്ന് അരലക്ഷം മുസ്ലീങ്ങളെ പുറത്താക്കി, പലകാരണങ്ങൾ കൊണ്ടും ഇവർക്ക് ജീവൻ നഷ്ടപ്പെട്ടു, പഞ്ചാബിൽ അഭയം പ്രാപിച്ചവരുടെ അവസ്ഥ ദയനീയമായിരുന്നു എന്നിങ്ങനെയുളള കെട്ടുക്കഥകളാണ് പാഠപുസ്തകങ്ങളിൽ പാകിസ്ഥാൻ വിശദീകരിച്ചിരിക്കുന്നത്.
വഷളായി ഇന്ത്യാ- പാക് ബന്ധങ്ങൾ
ജമ്മുകാശ്മീർ കാരണമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം വഷളായതെന്നാണ് പറയുന്നത്. കിഴക്കൻ പാകിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) ഉണ്ടായ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഇന്ത്യയാണെന്നാണ് പുസ്തകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്. 1947ൽ നടന്ന വിഭജനം ഹിന്ദു -മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. നിർഭാഗ്യവശാൽ ജമ്മുകാശ്മീരിലെ ഹിന്ദു രാജാവ് ജമ്മുകാശ്മീരിനെ പാകിസ്ഥാനുമായി കുട്ടിച്ചേർക്കാൻ അനുവദിച്ചില്ലയെന്നും പറയുന്നു.
പാകിസ്ഥാൻ ശബ്ദം ഉയർത്തുന്നു
പാകിസ്ഥാൻ വിമോചനത്തിനായി ശബ്ദം ഉയർത്തുന്ന രാജ്യമെന്നാണ് വിശദീകരണം. പുസ്തകങ്ങളിൽ പാകിസ്ഥാനും ലോകരാജ്യങ്ങളും തമ്മിലുളള ബന്ധം പ്രതിപാദിക്കുന്നുണ്ട്. ലോകരാജ്യങ്ങളുടെ ക്ഷേമത്തിനായി ശബ്ദം ഉയർത്തുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്തോനേഷ്യ, ലിബിയ, മൊറോക്കോ,അൾജീരിയ,ടുണീഷ്യ, എറിത്രിയ, പാലസ്തീൻ എന്നിവിടങ്ങളിൽ നടത്തിയ നയതന്ത്ര പരിശ്രമങ്ങളും പറഞ്ഞിട്ടുണ്ട്.
പാകിസ്ഥാനി സ്റ്റഡീസ് 2 എന്ന പുസ്തകത്തിൽ സംസ്ഥാനങ്ങളുടെ ഭരണത്തെക്കുറിച്ചും സർക്കാരുകളുടെ രൂപീകരണത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.പാകിസ്ഥാനിലെ സമാധാനം തകർക്കുന്നതിന് പിന്നിൽ ഇന്ത്യയെന്നാണ് പറയുന്നത്. ഇന്ത്യയെ അഹങ്കാരിയായ രാഷ്ട്രം എന്നാണ് മുദ്ര കുത്തിയിരിക്കുന്നത്. ജമ്മുകാശ്മീർ തർക്കം പരിഹരിക്കാൻ ഇന്ത്യയെ ക്ഷണിച്ചിരുന്നതായും പക്ഷെ ഇന്ത്യയുടെ ധാർഷ്ട്യം കാരണം ശ്രമങ്ങൾ വിജയിച്ചില്ലെന്നുമാണ് വിശദീകരണം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നത്, ഹിന്ദുക്കൾ,മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്‌തെന്നും സ്വത്തുക്കൾ കണ്ടുക്കെട്ടിയെന്നുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |