തിരുവനന്തപുരം: മികച്ച സംഘാടകനെന്ന പേരിന് ഉടമയാണ് നിയുക്ത കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതിന് വലിയ അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മാതൃക സാധാരണ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാന്‍ എല്ലായിപ്പോഴും സണ്ണി ജോസഫിന് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ കെപിസിസിയുടെ അമരത്ത് വരുമ്പോഴും സണ്ണി ജോസഫില്‍ നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് ഇതേ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തന മികവാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനാകുകയെന്നത് ഈ കാലഘട്ടത്തില്‍ ഒരു ചെറിയ വെല്ലുവിളിയല്ലെന്ന്താണ് ഏറ്റവും പ്രധാനപ്പെട്ട് കാര്യം. തുടര്‍ച്ചയായി പത്താം വര്‍ഷവും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുകയെന്നതാണ് സണ്ണി ജോസഫിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
പുതിയ അദ്ധ്യക്ഷനായി സണ്ണി ജോസഫ് എത്തുമ്പോള്‍ അത് ഇന്ദിരാ ഭവനിലെ അധികാര സമവാക്യങ്ങളെ എപ്രകാരമാണ് മാറ്റിയെഴുതാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണണം. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് 3.0 എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഇടത് മുന്നണി ആരംഭിച്ചിട്ടുമുണ്ട്.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാര്‍ട്ടിയേയും മുന്നണിയേയും സജ്ജമാക്കേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അനുകൂല സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. അതിനോടൊപ്പം പാര്‍ട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ടുപോകണമെന്ന ഭാരിച്ച ഉത്തരവാദിത്തവും സണ്ണി ജോസഫിന് മുന്നിലുണ്ട്.
കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് അദ്ദേഹത്തിന്റെ പൂര്‍ണ സമ്മതത്തോടെയല്ല. സുധാകരന്‍ തുടരണമെന്ന ആവശ്യം അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പരസ്യമായി ഉന്നയിച്ചിരുന്നു. തന്നെ സ്ഥാനത്ത് നിന്ന് മാറ്റേണ്ട ആവശ്യകതയെ കുറിച്ച് ഒരുവേള സുധാകരന്‍ തന്നെ നേരിട്ട് ഹൈക്കമാന്‍ഡിനോട് ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. സുധാകരനെ അനുകൂലിച്ച് കണ്ണൂര്‍ ജില്ലയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ സുധാകരനെ പാര്‍ട്ടി അമരത്ത് നിന്ന് നീക്കുമ്പോള്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏത് രീതിയിലുള്ള സമവാക്യങ്ങള്‍ രൂപപ്പെടുന്നതിലേക്ക് നയിക്കുമെന്നതും അതിനെ സണ്ണി ജോസഫ് എങ്ങനെയാണ് നേരിടുകയെന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |