ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദിവസവും നിരവധി നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും ഭാഗത്ത് നിന്ന് ജനങ്ങൾക്ക് ലഭിക്കുന്നത്. കൂടുതൽ സന്ദേശങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് പ്രചരിക്കുന്നത്. ഇന്നലെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങൾ പാലിക്കേണ്ട മുന്നൊരുക്കളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇതിനിടയിൽ പ്രചരിക്കുന്ന വാർത്തകളിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്നുളള ആശയക്കുഴപ്പവും ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞ ദിവസം വാട്സാപ്പിലൂടെ ഒരു സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. അത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനുളളിൽ എടിഎം സേവനങ്ങൾ നിർത്തലാക്കുമെന്നായിരുന്നു സന്ദേശം. ഇതിന് പിന്നിലെ ആധികാരികത എന്താണെന്ന് പരിശോധിക്കാൻ പലരും ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
വാട്സാപ്പിലൂടെ എത്തിയ സന്ദേശം വ്യാജമാണ്. ഇനിയുളള ദിവസങ്ങളിൽ എടിഎമ്മുകൾ പഴയരീതിയിൽ തന്നെ പ്രവർത്തിക്കുമെന്ന് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുളള വ്യാജസന്ദേശങ്ങൾ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നും അവരുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ തങ്ങളുടെ സൈനിക ആക്രമണമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പാകിസ്ഥാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെ പ്രചരിക്കുന്ന പലതും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിലുളള എട്ട് വൈറൽ വീഡിയോകളാണ് പിഐബി പരിശോധനയ്ക്ക് വിധേയമാക്കിയത്.
പഞ്ചാബിലെ ജലന്ധറിൽ ഡ്രോൺ ആക്രമണം നടന്നെന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റൊന്ന് ഇന്ത്യൻ സൈന്യത്തിന്റെ പോസ്റ്റ് പാകിസ്ഥാന്റെ ആക്രമണത്തിൽ തകർന്നെന്നും പുറത്തുവന്നിരുന്നു. ഇതിലെല്ലാം സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. 2020ലെ ബെയ്റൂട്ട് സ്‌ഫോടനത്തിലെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വ്യാജസന്ദേശങ്ങൾ അയക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |