തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികൾക്ക് അറസ്റ്റിന്റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകണമെന്ന് ഡിജിപി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 47ന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കിൽ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂർണ്ണവിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കുന്നപക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം.
ഇത്തരത്തിൽ രേഖാമൂലം അറിയിപ്പ് നൽകുന്നതിനെപ്പറ്റി ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ സെക്ഷൻ 35(1)(b)(ii)യിൽ പ്രതിപാദിക്കുന്നുണ്ടെന്ന് നിർദ്ദേശം അടങ്ങിയ സർക്കുലറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |