മുംബയ്: ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാദ്ധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ മേയ് 13വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആക്‌ടിവിസ്റ്റും സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബാ സൈദീകിനെയാണ് (26) അറസ്റ്റ് ചെയ്തത്. നാഗ്‌പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസ് അറസ്റ്റിലായത്. സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് റിജാസിനെതിരെ ചുമത്തിയിരിക്കുന്നത്.
പിന്നാലെ റിജാസിന്റെ പെൺസുഹൃത്ത് നാഗ്‌പൂർ നിവാസിയായ ഇഷ കുമാരിയെയും (22) പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലർത്തിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.
അതിനിടെ, സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
അതിർത്തി സംഘർഷങ്ങളെ ബന്ധപ്പെടുത്തിയും പെരുപ്പിച്ചു കാട്ടിയും വ്യാജ വാർത്തകൾ കുത്തിനിറച്ച സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാവുകയാണ്. പാക് ഹാൻഡിലുകളാണ് തെറ്റായ പല വാർത്തകളുടെയും ഉറവിടം. ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും തെറ്റായ വാർത്തകൾ പങ്കിടരുതെന്നും കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ കണ്ടെത്താൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അതീവ ജാഗ്രതയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |