മാണ്ഡ്യ: പ്രശസ്ത കൃഷി, മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ സായ് ആശ്രമത്തിന് സമീപം കാവേരി നദിയിലാണ് മൃതദേഹം കണ്ടെടുത്തത്. മേയ് 7 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. മൈസൂരുവിലെ വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഭാര്യയോടൊപ്പാണ് അദ്ദേഹം താമസിച്ചിരുന്നത്.
കാണാതായതിനെ തുടർന്ന് കുടുംബം വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സായ് ആശ്രമത്തിന് സമീപത്തുള്ള നദിയിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം സുബ്ബണ്ണയുടേതാണെന്ന് സ്ഥിരീകരിച്ചു. പുഴയുടെ തീരത്ത് നിന്ന് അദ്ദേഹത്തിന്റെ സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് മനസിലാക്കുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ. മൃതദേഹം കെആർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സുബ്ബണ്ണ അയ്യപ്പ പതിവായി രാമകൃഷ്ണ ആശ്രമത്തിലും സായി ആശ്രമത്തിലും ധ്യാനത്തിനായി പോയിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുവും അഭിഭാഷകനുമായ ശ്രീനിധി പറഞ്ഞു.
1955 ഡിസംബർ 10 ന് ചാമരാജനഗർ ജില്ലയിലെ യലന്ദൂരിൽ ജനിച്ച ഡോ. സുബ്ബണ്ണ അയ്യപ്പന് മികച്ച അക്കാദമി മികവും പ്രൊഫഷണൽ കരിയറുമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം മംഗലാപുരത്ത് നിന്ന് ഫിഷറീസ് സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് ബംഗളൂരുവിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കി. ഇന്ത്യയിലുടനീളം വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, രാജ്യത്തെ മത്സ്യകൃഷി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നീല വിപ്ലവം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
2022ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ ചെയർപേഴ്സണായി സേവനമനുഷ്ഠിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിയോഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |