ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ അപ്രതീക്ഷിത തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നിർവഹിച്ചെന്ന് വ്യോമസേന. ദൗത്യം ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ ഇരിക്കെയാണ് വ്യോമസേന ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.
'ഓപ്പറേഷൻ സിന്ദൂരിൽ നിയുക്തമാക്കിയ ദൗത്യങ്ങൾ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചു. ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, ബോധപൂർവവും വിവേകപൂർണ്ണവുമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാൽ, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തുന്നതാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളിൽ നിന്നും ഊഹാപോഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ വ്യോമസേന എല്ലാവരോടും അഭ്യർത്ഥിക്കുന്നു'- വ്യോമസേന എക്സിൽ കുറിച്ചു.
പഹൽഗാമിൽ ഏപ്രിൽ 22ന് കൊല്ലപ്പെട്ട 26 നിരപരാധികളുടെ ചോരയ്ക്ക് 15ാം ദിവസമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയത്. ഭാര്യയ്ക്കു മുന്നിൽ പ്രിയതമനെ കൊന്നുതള്ളിയതിന് പ്രതികാരമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാനിലെ നാലും അധിനവേശ കാശ്മീരിലെ അഞ്ചും ഭീകരക്യാമ്പുകൾ ചുട്ടെരിച്ചു. ലഷ്‌കർ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ ക്യാമ്പുകളാണിവ. 70 ഭീകരരെ വധിച്ചു. 100 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ജയ്‌ഷെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന്റെ സഹോദരിയുൾപ്പെടെ 10 ബന്ധുക്കളും നാല് അനുയായികളുമുണ്ട്.
പുലർച്ചെ 1.05 മുതൽ 1.30വരെ നീണ്ട ഓപ്പറേഷന് റഫാൽ, മിറാഷ് ഫൈറ്ററുകളാണുപയോഗിച്ചത്. ജി.പി.എസ്, ലേസർ ഗൈഡഡ് സ്‌കാൽപ് മിസൈലുകളും ഹാമർ ബോംബുകളും അണുവിട തെറ്റാതെ ലക്ഷ്യം കണ്ടു. പാക് മണ്ണിൽ കടന്നുചെല്ലാതെ, 100 കിലോമീറ്റർ ഉള്ളിലെ ഭീകര ക്യാമ്പുവരെ തകർത്താണ് കരുത്തുകാട്ടിയത്. സിവിലിയൻ, സൈനിക കേന്ദ്രങ്ങളെ തൊട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |