തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും സംസാരിക്കുമെന്നും താൻ ഏതെങ്കിലും സമുദായത്തിന്റെ പ്രതിനിധിയല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസിന്റെ കരുത്ത് അനുഭാവികളാണെന്നും രാഷ്ട്രീയ വെല്ലുവിളികൾ പഠിച്ച് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കെ സുധാകരനുമായി സഹോദര ബന്ധമാണുള്ളത്. പ്രഖ്യാപനം വരുംമുമ്പ് സുധാകരനെ കണ്ടിരുന്നു. ഡിസിസി പുനഃസംഘടന ആലോചിച്ച് മാത്രമേ ചെയ്യൂ. ഗ്രൂപ്പിസം ഇല്ലാതായത് ഏറെ ഗുണകരമാണ്. ഒരു നേതാവും ഇപ്പോൾ ഗ്രൂപ്പിസം പ്രമോട്ട് ചെയ്യുന്നില്ല. പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ട്. കേരളത്തിൽ ഇന്ന് യുഡിഎഫ് കൂടുതൽ ശക്തമാണ്. ഉത്തരവാദിത്തം ഏൽപ്പിച്ചതിൽ കടപ്പാട് പാർട്ടി നേതൃത്വത്തോടാണ്. അദ്ധ്യക്ഷനാവാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. പിണറായി വിജയന് കേരളത്തിൽ പ്രത്യേകമായി ഒരു ഇമേജും ഇല്ല. കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല'- സണ്ണിജോസഫ് പറഞ്ഞു.
അതേസമയം, കെപിസിസിയുടെ കടിഞ്ഞാൺ ഇന്നു മുതൽ പുതിയ നേതൃനിരയുടെ കരങ്ങളിൽ. രാവിലെ ഇന്ദിരാഭവനിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയും മൺമറഞ്ഞ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയും പുതിയ കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫ് എംഎൽഎയും വർക്കിംഗ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരും ഇന്നലെ വൈകിട്ട് തലസ്ഥാനത്തെത്തി. യുഡിഎഫ് കൺവീനറായി നിയമിതിനായ അടൂർപ്രകാശ് വെള്ളിയാഴ്ച മുതിർന്ന നേതാക്കളെ കാണുകയും ഉമ്മൻചാണ്ടിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |