കൊച്ചി: മദ്യലഹരിയിൽ ബീച്ചിലെത്തി അതിക്രമം നടത്തിയ നാല് പേർ അറസ്റ്റിൽ. കൊച്ചിയിലെ ചെറായി ബീച്ചിലാണ് യുവതിയും സംഘവുമെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശിനി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവരാണ് ബീച്ചിലെത്തി അതിക്രമം കാണിച്ചത്.
ബീച്ചിലെത്തിയ സംഘം കടയുടമയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അസഭ്യം പറയുകയും കസേര വലിച്ചെറിയുകയും ചെയ്തു. കൂടാതെ അരമണിക്കൂറോളം ഫർസാനയും സംഘവും ഇവിടെ നിന്ന് ബഹളംവച്ചു. വാക്കുതർക്കത്തിനിടെ എല്ലാ പരിധികളും വിട്ട ഫർസാന കടയുടമ തന്നെ മർദിച്ചെന്നും ആരോപിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
യുവതിയുടെ ആരോപണം തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. മദ്യലഹരിയിലായിരുന്ന സംഘമാണ് കടക്കാരനോട് മോശമായി പെരുമാറിയത്. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് കടക്കാരൻ ചെയ്‌തത്. അയാളുടെ ഭാഗത്ത് തെറ്റില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഘത്തിന്റെ കൈവശം ലഹരിയുണ്ടോയെന്ന സംശയത്തിൽ, ഇവർ താമസിക്കുന്ന റിസോർട്ടിലും പൊലീസ് പരിശോധന നടത്തി. എന്നാൽ ഇവിടെ നിന്ന് ലഹരിയൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
എന്നിരുന്നാലും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് നാലംഗ സംഘത്തിനെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാലുപേരും ചേറായിലെത്തിയത്. റിസോർട്ടിൽ മുറിയെടുത്ത് മദ്യപിച്ചു. ശേഷം ബീച്ചിലേക്ക് പോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |