ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഇന്ത്യയുടെ വടക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ ഉടൻ തുറക്കും. വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണമായിരുന്നു വിമാനത്താവളങ്ങൾ അടച്ചിട്ടത്. വിമാനത്താവളങ്ങൾ തുറക്കുമെങ്കിലും യാത്രക്കാർ നേരത്തെ എത്തണമെന്ന നിർദ്ദേശത്തിൽ മാറ്റമില്ല. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്സർ എന്നിവയുൾപ്പെടെയുള്ള ഈ വിമാനത്താവളങ്ങളിൽ സിവിൽ വിമാന പ്രവർത്തനങ്ങൾക്ക് ലഭ്യമാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
32 വിമാനത്താവളങ്ങളുടെ പട്ടികയിൽ ജയ്സാൽമീർ, ജാംനഗർ, ജോധ്പൂർ, അധംപൂർ, അംബാല, അവന്തിപൂർ, ബതിന്ഡ, ഭുജ്, ബിക്കാനീർ, ഹൽവാര, ഹിൻഡൻ, ജമ്മു, കാൻഡ്ല, കൻഗ്ര, കേശോദ്, കിഷൻഗാർഹ്, കുളു മണാലി, ലേ, ലുധിയാന, മുൻദ്ര, നാലിയ, പത്താൻകോട്ട്, പാട്യാല, പോർബന്തർ, രാജ്‌കോട്ട്, ഷിംല എന്നിവ ഉൾപ്പെടുന്നുണ്ട്. പാക് സംഘർഷം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച 24 വിമാനത്താവളങ്ങളായിരുന്നു അദ്യം അടച്ചിട്ടത്. പിന്നീട് 32 വിമാനത്താവളങ്ങളും അടച്ചിടുകയായിരുന്നു.
മേയ് 15 വരൊയിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോ, അവരുടെ സൈറ്റുകൾ പരിശോധിച്ചോ വിമാനങ്ങളുടെ വിവരങ്ങൾ മനസിലാക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഉത്തരേന്ത്യയിലെ പല വിമാനത്താവളങ്ങളും അടച്ചിട്ടതോടെ ഡൽഹി വിമാനത്താവളത്തിൽ തിരക്ക് ഉയർന്നിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |