കൊച്ചി: സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി നേപ്പാൾ സ്വദേശി. എറണാകുളം ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ധത്ത് ഛേത്രിയാണ് ഉന്നത വിജയം നേടിയത്. മലയാളം അടക്കമുള്ള വിഷയങ്ങൾക്കാണ് സിദ്ധത്ത് എ പ്ളസ് കരസ്ഥമാക്കിയത്.
'ഇതര സംസ്ഥാനത്ത് നിന്നെത്തി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് 'റോഷ്ണി'. ഇതിന്റെ ഭാഗമായാണ് സിദ്ധത്ത് മലയാളം മെച്ചപ്പെടുത്തിയത്. കുട്ടിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോള്‍ നേടിയ മികച്ച വിജയം'- ഹെഡ്മാസ്റ്റര്‍ റെനി വി കെ പറഞ്ഞു.
ഒന്നാം ക്ലാസ് മുതല്‍ ഏഴുവരെ കോടംകുളങ്ങരയിലെ സ്‌കൂളിലാണ് സിദ്ധത്ത് പഠിച്ചത്. ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായാണ് ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധത്തിന്റെ സഹോദരനും എസ്എസ്എല്‍സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയിരുന്നു. 14 വര്‍ഷത്തിലേറെയായി കേരളത്തില്‍ താമസിക്കുകയാണ് സിദ്ധത്തിന്റെ കുടുംബം. തൃപ്പൂണിത്തുറയിലെ വര്‍മ്മ ആശുപത്രിയില്‍ അറ്റന്ററാണ് സിദ്ധത്തിന്റെ അച്ഛന്‍. അമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |